Bindu: ‘മോശമായി പെരുമാറിയ മറ്റ് പോലീസുകാർക്കെതിരെയും നടപടിയെടുക്കണം’; വീട്ടുടമ ഡാനിയലിനെതിരെ പരാതിനൽകുമെന്ന് ബിന്ദു
Bindu Demands Action Against Other Police Officers: വ്യാജ മാല മോഷണ പരാതിയിൽ തന്നോട് മോശമായി പെരുമാറിയ മറ്റ് പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്ന് ബിന്ദു. ക്രൂരമായ മാനസിക പീഡനമാണ് താൻ അനുഭവിച്ചതെന്നും അവർ പറഞ്ഞു.

ബിന്ദു
തന്നോട് മോശമായി പെരുമാറിയ മറ്റ് പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്ന് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് സ്റ്റേഷനിൽ പീഡനം അനുഭവിച്ച ബിന്ദു. വീട്ടുടമ ഡാനിയലിനെതിരെ പരാതിനൽകുമെന്നും ബിന്ദു പറഞ്ഞു. മാല മോഷണം പോയെന്ന പരാതിയെ തുടർന്നാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെ പോലീസ് സ്റ്റേഷനിലെത്തി പീഡിപ്പിച്ച് ചോദ്യം ചെയ്തത്. പിന്നീട് പരാതിക്കാരൻ്റെ വീട്ടിൽ നിന്ന് തന്നെ മാല ലഭിക്കുകയായിരുന്നു.
പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പൻഡ് ചെയ്തതിൽ സന്തോഷമുണ്ടെങ്കിലും തന്നോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത മറ്റ് പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ബിന്ദുവിൻ്റെ ആവശ്യം. വീട്ടിൽ നിന്ന് തന്നെ മാല ലഭിച്ചിട്ടും തന്നോട് ക്ഷമ പറയാൻ പോലും ആ വീട്ടുകാർ തയ്യാറായിട്ടില്ല. താൻ ആത്മഹത്യയുടെ വക്കിലായിരുന്നു. നീതി കിട്ടിയെങ്കിൽ മാത്രമേ ഇനി തനിക്ക് ജീവിക്കാൻ കഴിയൂ. രാത്രി മുഴുവൻ പോലീസിൻ്റെ കടുത്ത മാനസിക പീഡനവും അസഭ്യവും ഭീഷണിയും ഏൽക്കേണ്ടിവന്നു. കുടുംബത്തിൻ്റെ പിന്തുണ കൊണ്ട് മാത്രമാണ് മാനസിക നില വീണ്ടെടുക്കാനായത് എന്നും ബിന്ദു പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാല മോഷണം പോയെന്ന പരാതിയിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതി ബിന്ദുവിനെ പോലീസ് പേരൂർക്കട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പനവൂർ പനയമുട്ടം സ്വദേശിനിയായ ബിന്ദുവിനെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യം ചെയ്യലിന് ഇരയാക്കി. തനിക്ക് കുടിയ്ക്കാൻ വെള്ളം പോലും നൽകിയില്ലെന്ന് യുവതി ആരോപിച്ചിരുന്നു. വസ്ത്രമഴിച്ചുള്ള ദേഹപരിശോധനയും വീട്ടിൽ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. തുടർന്ന് ഉടമയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തുകയായിരുന്നു.
പോലീസിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിനൽകിയെങ്കിലും അവിടെനിന്ന് നീതി ലഭിച്ചില്ലെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാൽ, ഇത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി തള്ളി. ഗൗരവത്തോടെയാണ് പരാതി കണ്ടതെന്നും പോലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു.