Kerala Rain Alert: മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത
Kerala Weather Update May 20 2025: അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അതിശക്ത മഴ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ. കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ ഇന്ന് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
മെയ് 23ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 21ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, മെയ് 22ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, മെയ് 23ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതായത്, 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യത ഉണ്ട്. അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളിലും കന്യാകുമാരി തീർത്തും ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മെയ് 23 വരെ കേരളം, ലക്ഷ്വദീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.