Cheranalloor Accident Case: പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും നേർക്കുനേർ; വാദം അടച്ചിട്ട മുറിയിലേക്ക്
Cheranalloor Accident Case Updates: ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും കോടതിയില്‍ കൊമ്പുകോര്‍ത്തു. ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസം നില്‍ക്കുകയാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ കുടുംബത്തിന്റെ അഭിഭാഷകന് മാധ്യമങ്ങള്‍ക്ക് നല്‍കുകയാണെന്നും പ്രോസിക്യൂഷന്. വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി.

ചേരാനല്ലൂര്‍ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണനും, അപകടമുണ്ടാക്കിയ കാറും
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും കോടതിയില്‍ കൊമ്പുകോര്‍ത്തു. ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസം നില്‍ക്കുകയാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ കുടുംബത്തിന്റെ അഭിഭാഷകന് മാധ്യമങ്ങള്‍ക്ക് നല്‍കുകയാണെന്നും പ്രോസിക്യൂഷന് ആരോപിച്ചു. എന്നാല്‍ തങ്ങള്‍ അന്വേഷണത്തിന് തടസം നില്‍ക്കുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നതോടെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ജയബാലകൃഷ്ണനെ ഇടിച്ചിട്ട കാറോടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ എറണാകുലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്.
കേസ് സ്വതന്ത്രമായി നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. പ്രോസിക്യൂഷനെയും കോടതിയെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ആരോപണമുയര്‍ന്നു. പ്രോസിക്യൂഷന് ഉന്നയിച്ച ആരോപണം ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് കോടതിയെയാണ് അറിയിക്കേണ്ടത്. സമ്മര്‍ദ്ദമില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണമെന്നും കോടതി വ്യക്തമാക്കി.
ആരാണ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണ ഏജന്‍സിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രോസിക്യൂട്ടറായി ജോലി ചെയ്യുന്നയാളാണ് അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരാകുന്നതെന്നും കോടതി വ്യക്തമാക്കി.
Also Read: Cheranalloor Accident: ജഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു, ചേരാനല്ലൂർ അപകടത്തിൽ പോലീസിൽ പരാതി
കുടുംബത്തിന്റെ അഭിഭാഷകന് മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നായിരുന്നു ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ ആരോപണം. തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും, എന്നാല്‍ അത് പരസ്യമായി പറയാനാകില്ലെന്നും അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്.
കോടതിയില്‍ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുന്നതിനെ ജയബാലകൃഷ്ണന്റെ കുടുംബം എതിര്‍ത്തു. തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
അഡീഷണല്‍ ജഡ്ജിക്കെതിരെ പുതിയ വകുപ്പ്
അതേസമയം, 17-കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തി. ജയബാലകൃഷ്ണന്റെ മകളുടെ പരാതിയിലാണ് നടപടി. പ്രത്യേകം കേസെടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. നിലവിലുള്ള എഫ്ഐആറില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ബിഎന്‍എസ് 238 കൂടി ചേര്‍ക്കുകയായിരുന്നു.
English Summary
The court shifted the Cheranalloor accident case hearing to a closed room. This decision came after sharp disagreements between the prosecution and the victim’s family. The court is currently considering a plea to cancel the juvenile driver’s bail. The victim’s family opposed the move and demanded an open court hearing.