Electric Shock Death: രാത്രിയിലാണ് വൈദ്യുതി മോഷണം നടക്കുന്നത്, പന്നിക്കെണി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പരാതി നേരത്തെ ലഭിച്ചിട്ടില്ല: കെഎസ്ഇബി
KSEB's Facebook Post On Electric Shock Death In Nilambur: വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് കെ എസ് ഇ ബി അധികൃതരെ അറിയിച്ചിരുന്നു എന്നായിരുന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ അക്കാര്യം വസ്തുതാപരമല്ലെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കും വനംവകുപ്പിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് പരാതി ലഭിച്ചിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കെഎസ്ഇബി.
വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് കെ എസ് ഇ ബി അധികൃതരെ അറിയിച്ചിരുന്നു എന്നായിരുന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ അക്കാര്യം വസ്തുതാപരമല്ലെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെഎസ്ഇബി വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിന് കാരണമായതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്. വനാതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് രാത്രിയില്‍ എത്തിപ്പെടുന്നത് ദുഷ്‌കരമാണ്. അതിനാല്‍ തന്നെ രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത്. കെഎസ്ഇബി ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.




വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മോഷണം കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്യും. ഈ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാല്‍ വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കുമെന്നും ഇത്തരത്തില്‍ തെറ്റുതിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി വ്യക്തമാക്കി.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ അല്ലെങ്കില്‍ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാന്‍ സാധിക്കും. അക്കാര്യം വിളിച്ചറിയിക്കുന്നതിനായി ഒരു നമ്പറും കെഎസ്ഇബി അധികൃതര്‍ പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനോടൊപ്പം നിങ്ങള്‍ കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും പറയണം. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണ്. മാത്രമല്ല അര്‍ഹമായ പാരിതോഷികവും നല്‍കുന്നതാണെന്ന് കെഎസ്ഇബി പറയുന്നു.
കെഎസ്ഇബി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോണ്‍ നമ്പര്‍ ചുവടെ കൊടുത്തിരിക്കുന്നു.
- വൈദ്യുതി ഭവന്‍, തിരുവനന്തപുരം: 0471 2444554
- തിരുവനന്തപുരം: 9446008154, 8155
- കൊല്ലം: 9446008480, 8481
- പത്തനംതിട്ട (തിരുവല്ല): 9446008484, 8485
- ആലപ്പുഴ: 9496018592, 18623
- കോട്ടയം: 9446008156, 8157
- ഇടുക്കി (വാഴത്തോപ്പ്): 9446008164, 8165
- എറണാകുളം: 9446008160, 8161
- തൃശ്ശൂര്‍: 9446008482, 8483
- പാലക്കാട്: 9446008162, 8163
- മലപ്പുറം: 9446008486, 8487
- കോഴിക്കോട്: 9446008168, 8169
- വയനാട് (കല്‍പ്പറ്റ): 9446008170, 8171
- കണ്ണൂര്‍: 9446008488, 8489
- കാസര്‍കോട്: 9446008172, 8173
- കോള്‍ സെന്റര്‍ നം.: 1912, 9496 01 01 01 (കോള്‍ & വാട്‌സാപ്)