AK Saseendran: ഗൂഢാലോചന എന്ന് ഞാന്‍ പറഞ്ഞിട്ടേ ഇല്ല; പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് സംശയം: എകെ ശശീന്ദ്രന്‍
AK Saseendran On Electric Shock Death in Nilambur: വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കരുത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കരുത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് താന്‍ പറഞ്ഞത്. പ്രദേശവാസികള്‍ സംഭവം ഉണ്ടായ ദിവസം രാവിലെ പറഞ്ഞത് അവിടെ അത്തരം ഫെന്‍സിങ് ഇല്ലായിരുന്നു എന്നാണ്. ഇത് താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. മരണത്തില്‍ ഗൂഢാലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




താന്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും തന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വനം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഗൂഢാലോചന നടന്നതിന് തെളിവ് നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശീന്ദ്രന്‍ നടത്തിയ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധം കൊടുത്തത് പോലെയായി എന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.