Supplyco: അർജന്റീനയ്ക്ക് പായസം, ബ്രസീലിന് മഞ്ഞൾപ്പൊടി; ഓരോ ഗോളിനും സപ്ലൈകോയിൽ വൻ ഓഫർ
Supplyco FIFA World Cup 2026 Offer: ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ ഇലവൻ’ വഴിയാണ് പ്രത്യേക ഓഫറുകൾ ലഭിക്കുന്നത്. ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സപ്ലൈകോ
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സപ്ലൈകോ. വിവിധ ടീമുകളുടെ ഓരോ ഗോളിലും ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം.
ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ ഇലവൻ’ വഴിയാണ് പ്രത്യേക ഓഫറുകൾ ലഭിക്കുന്നത്. ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സപ്ലൈകോ ഇലവൻ
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല. ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും.
ALSO READ: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കുന്നതാണ്. ബ്രസീൽ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് ‘സപ്ലൈകോ ഇലവൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ
ബ്രസീൽ – ശബരി മഞ്ഞൾപ്പൊടി
ജർമ്മനി – ശബരി അപ്പംപൊടി
നെതർലാൻഡ് – ശബരി സാമ്പാർപ്പൊടി
സ്പെയിൻ – ശബരി പുട്ടുപൊടി
അർജന്റീന – ശബരി പായസം മിക്സ്
ബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
പോർച്ചുഗൽ – ശബരി മുളകുപൊടി
ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട് – ശബരി ഉപ്പ്
മൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീ
ഫ്രാൻസ് – ശബരി ഗോൾഡ് ടീ
ടീം ലോകകപ്പ് നേടിയാലും ഓഫർ
11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവിൽ നൽകും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
ഫിഫ ലോകകപ്പ് 2026
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമായ ഫിഫ ലോകകപ്പ് 2026 ആരംഭിച്ചിരിക്കുകയാണ്. 23ാമത് ഫിഫ ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലെ അസ്റ്റേക സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് മെക്സിക്കോ വിജയം നേടി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
English Summary:
Supplyco launched a special FIFA World Cup-themed promotional campaign called Supplyco Soccer Eleven, linking 11 leading World Cup teams with 11 Sabari products. Under the scheme, customers will receive discounts on selected products based on the number of goals scored by the corresponding team in each match.