Kozhikode Fire Accident: കോഴിക്കോട് തീപിടിത്തം: തീ കൂടുതൽ നിലകളിലേക്ക് വ്യാപിക്കുന്നു; കരിപ്പൂരിൽ നിന്നും ഫയർ യൂണിറ്റ് എത്തും
Kozhikode New Bus Stand Fire Accident: വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. തീ കൂടുതൽ നിലയിലേക്ക് വ്യാപിക്കുകയാണ്. കരിപ്പൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് കോഴിക്കോട് എത്തും. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടിച്ചത്. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടർന്നു. ബസ് സ്റ്റാന്റിന്റെ ഉൾ വശത്തേക്കും തീ പടരുന്നുണ്ട്. ഇതേത്തുടർന്ന്, സ്റ്റാന്റിലെ ബസുകൾ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരം ആയതുകൊണ്ട് തന്നെ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. തീ പടര്‍ന്ന ഉടനെ കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. പരിസരത്തെ ഗതാഗതം നിയന്ത്രിച്ചു.
ALSO READ: കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം തന്നെയെന്ന് ജിയോളജി വകുപ്പ്
അപകടത്തിൽ ആളപായം ഇല്ലെന്നാണ് വിവരം. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. മീഞ്ചന്ത, വെള്ളിമാടികുന്ന് ബീച്ച് സ്റ്റേഷനിലെ യൂണിറ്റുകളാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, തീ പടരുന്ന സാഹചര്യം കണക്കിലെടുത്ത് മറ്റ് കടകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം എന്ന് മേയര്‍ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.