Kerala Weather Update: സംസ്ഥാനത്ത് കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
Heavy Rain in Kerala: വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് മണിക്കൂറിലേക്കാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ അതിശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് മണിക്കൂറിലേക്കാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ഉൾപ്പടെയുള്ള ആറ് ജില്ലകളിൽ ആദ്യം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടിലേക്ക് മാറ്റുകയായിരുന്നു.
പിന്നാലെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിളാണ് യെല്ലോ അലർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനവും പുറത്തു വന്നിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്.
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലും കിഴക്കൻ മലയോര പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിക്ക് തുടങ്ങിയ ശക്തമായ മഴ മണിക്കൂറുകളോളം തുടർന്നു. വൈകിട്ട് ആറരയോടെയാണ് നഗരത്തിൽ മഴ നേരിയ തോതിൽ കുറഞ്ഞത്. വെള്ളായണിയിൽ ഒന്നര മണിക്കൂറിൽ 77 മില്ലിമീറ്റർ മഴയാണ് പെയ്തത്.