‘പെൺകുട്ടിയിൽ ഐശ്വര്യത്തിൻ്റെ ദേവത കുടികൊള്ളുന്നു’; പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമെന്ന് ഹൈക്കോടതി
2005 ഹിന്ദു പിന്തുടർച്ചവകാശം നിയമപ്രകാരം 2004 ഡിസംബർ 20ന് ശേഷം മരണപ്പെട്ടവരുടെ പെൺമക്കൾക്കാണ് ഈ അവകാശം ഇനി മുതൽ ലഭിക്കുക എന്ന സുപ്രധാന വിധിയാണ് സംസ്ഥാന ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

Representational Image
കൊച്ചി : ഹിന്ദു പിന്തുടർച്ചാവകാശ പ്രകാരം പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് സംസ്ഥാന ഹൈക്കോടതി. 2005ലെ കേന്ദ്ര നിയമപ്രകാരമാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പാരമ്പര്യസ്വത്തിൽ എല്ലാ മക്കൾക്കും തുല്യാവകാശമുണ്ടെന്ന 2005 ഹിന്ദു പിന്തുടർച്ചവകാശ ഭേദഗതി നിയമത്തെ അടിസ്ഥാനമാക്കി ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ 2004 ഡിസംബർ 20ന് ശേഷം മരണപ്പെട്ടവരുടെ പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടാകുമന്ന് കോടതി വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിനകളായ രണ്ട് സഹോദരിമാർ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ചരിത്ര വിധി. പെൺമക്കൾക്ക് പിതാവിൻ്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെയാണ് സഹോദരിമാർ ഹൈക്കോടതിയെ സമീപിച്ചത്. 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലവിൽ ഇല്ലെന്നും ഇത് ഭേദഗതി ചെയ്തുകൊണ്ടുള്ള 2005ലെ കേന്ദ്ര നിയമമാണ് നിലനിൽക്കുകയെന്ന് അറിയിച്ചുകൊണ്ടായിരുന്നു കോടതി വിധി.
ALSO READ : National General Strike: പണിമുടക്കാം…ബന്ദ് നിയമവിരുദ്ധം, പ്രതിഷേധിക്കാർ ചെയ്യുന്നതിന്റെ നിയമ സാധ്യത ഇങ്ങനെ
സ്കന്ദ പുരാണത്തിലെ വാചകം ഉദ്ദരിച്ചുകൊണ്ടായിരുന്നു കോടതി വിധി. പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മകൾ എന്നായിരുന്നു ജസ്റ്റിസ് ഈശ്വരൻ വിധി പ്രസ്താവത്തിൽ പറഞ്ഞത്. പൂർവികസ്വത്തിൻ്റെ കാര്യത്തിൽ ഹിന്ദു കുടുംബങ്ങളിൽ ഇക്കാര്യം പ്രതിഫലിക്കുന്നില്ലയെന്നും കോടതി പൂരാണത്തിലെ വാചകം ഉദ്ദരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. കൂടാതെ ഒരു പെൺകുട്ടിയിൽ ഐശ്വര്യത്തിൻ്റെ ദേവത കുടികൊള്ളുന്നുവെന്നും പെൺമക്കൾ നന്‍മകളുടെ സമ്പന്നയാണെന്നും അവരെ ഓരോ നല്ല പ്രവർത്തികളുടെ തുടക്കത്തിൽ ആദരിക്കണമെന്നും കോടതിയുടെ വിധിയിൽ പറയുന്നു.