Ivin Murder Case: ഐവിന്റെ ഫോൺ പരിശോനയ്ക്ക് അയയ്ക്കും; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Ivin Murder Case Updates: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോയെ (24) പ്രതികള്‍ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം: ഐവിൻ ജിജോയെ കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരെ കസ്റ്റഡിയിലെടുക്കാൻ അടുത്ത ദിവസം തന്നെ നെടുമ്പാശ്ശേരി പൊലീസ് അങ്കമാലി കോടതിയിൽ അപേക്ഷ നൽകും.
പ്രതിഷേധങ്ങളെ കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. അതിനാൽ കസ്റ്റജിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. കൂടാതെ ഐവിന്റെ ഫോൺ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, വിനയകുമാര്‍ ദാസിനെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്ന മോഹന്‍കുമാര്‍ സംഭവ സ്ഥലത്ത് നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. താൻ ഓടി രക്ഷപ്പെട്ടു എന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. എന്നാല്‍ ഇയാളെ ഏതെങ്കിലും സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സഹായിച്ചിട്ടുണ്ടോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോയെ (24) പ്രതികള്‍ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാര്‍ സ്വദേശികളായ പ്രതികൾ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്.
ഐവിന്‍ നെടുമ്പാശ്ശേരിയിലെ കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസിലെ ഷെഫായി ജോലി ചെയ്യുകയായിരുന്നു. തുറവൂരിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് കാറില്‍ വരുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്.