Assault on Junior Lawyer: യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Junior Lawyer assault case: ബെയ്‌ലിൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും അതിനാൽ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ബെയ്ലിനും മർദനമേറ്റെന്നും പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷക ആണെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.

യുവ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബെയ്ലിൻ നിലവിൽ പൂജപ്പുര ജയിലിൽ ആണ്.
ബെയ്‌ലിൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും അതിനാൽ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ബെയ്ലിനും മർദനമേറ്റെന്നും പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷക ആണെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം ഹാജരാക്കി.
രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ താൻ ഇടപെട്ടുവെന്നും പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുകയായിരുന്നു എന്നാണ് ബെയ്‌ലിൻ ദാസ് കോടതിയിൽ പറഞ്ഞത്. അതിനിടയിൽ ഉണ്ടായ സംഭവത്തെ പര്‍വതീകരിച്ചു, ഓഫിസ് സംബന്ധമായ പ്രശ്നം മാത്രമാണിതെന്നും സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ബെയ്‌ലിൻ വാദിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബെയ്‌ലിൻ ദാസ് ജൂനിയർ അഭിഭാഷകയായ പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലിയെ മർദിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ബെയ്‌ലിനെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ച് പിടികൂടുകയായിരുന്നു.
സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീൽ, പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട് തുടങ്ങിയ വാദങ്ങളായിരുന്നു പ്രതിഭാഗം നിരത്തിയത്. എന്നാല്‍ ഇതെല്ലാം തള്ളി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സിലും അറിയിച്ചിട്ടുണ്ട്.