Sabarimala Gold Theft: ‘പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട്, സമ്മാനങ്ങൾ വാങ്ങിയില്ല; കടകംപള്ളി സുരേന്ദ്രൻ
Kadakampally Surendran Visit Potty Residence: താൻ പോയത് പോലീസ് അകമ്പടിയോടെയാണെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ പോറ്റിയുടെ കൈയിൽ നിന്ന് താൻ ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും എല്ലാകാര്യങ്ങളും എസ്ഐടിയുടെ മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയ കാര്യം സമ്മതിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോറ്റിയുടെ ക്ഷണത്തിന് വഴങ്ങിയാണ് അവിടെ പോയത്. താൻ പോയത് പോലീസ് അകമ്പടിയോടെയാണെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ പോറ്റിയുടെ കൈയിൽ നിന്ന് താൻ ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും എല്ലാകാര്യങ്ങളും എസ്ഐടിയുടെ മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘പോറ്റിയുടെ വീട്ടിൽ താൻ ഒരുതവണ പോയിട്ടുണ്ട്. 2017ലാണ് പോയതെന്നാണ് അനുമാനം. ദേവസ്വം മന്ത്രിയായി ശബരിമലയിലെത്തുന്ന കാലത്ത് ശബരിമലയിൽ നിൽക്കുന്ന പോറ്റിയെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. മന്ത്രിയായിരിക്കെ ഒരു ദിവസം ശബരിമലയിലേക്ക് പോകുന്ന യാത്രാമധ്യേ എന്നെ വിളിച്ചിട്ട് വീട്ടിൽ ഒരു കുട്ടിയുടെ ചടങ്ങ് ഉണ്ട്, അവിടെ കയറണമെന്ന് ക്ഷണിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്തു. ഇപ്പോഴത്തെ വീട്ടിൽ അല്ല പോയത്. ഇക്കാര്യം അന്വേഷണ സംഘത്തിനോട് പറഞ്ഞിട്ടുണ്ട്’ – കടകംപള്ളി പറഞ്ഞു.
ALSO READ: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ ED കണ്ടുകെട്ടും
അതേസമയം കഴക്കൂട്ടം മണ്ഡലത്തിൽ പോറ്റിയുമായി ബന്ധപ്പെട്ട് ഒരു സ്‌പോസൺസർഷിപ്പ് പദ്ധതിയും ഉണ്ടായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. എല്ലാവർക്കും വിശ്വസിക്കാൻ കഴിയുന്ന സംവിധാനമാണ് ഹൈക്കോടതി. അന്വേഷണപുരോഗതി ഹൈക്കോടതി വിലയിരുത്തുന്നുണ്ട്. ആ അന്വേഷണത്തിൽ വസ്തുത പുറത്തുവരുന്നുണ്ട്. അതിൽ കോടതി തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ അന്വേഷണം പൂർത്തിയാകട്ടെയെന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമോ എന്ന ചോദ്യത്തിന് മുൻ മന്ത്രി പ്രതികരിച്ചത്.
പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ തന്ത്രമാണെന്നും, അവർ ഏതെങ്കിലും ഇരകളെ തേടുന്നവരാണെന്നും കടകംപള്ളി ആരോപിച്ചു. ഒരു ഇരയെ മുന്നിൽ നിർത്തി രാഷ്ട്രീയ താത്പര്യം നേടിയെടുക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്യുന്നത്. പ്രതിപക്ഷ നേതാവിനും മറ്റ് പ്രതിപക്ഷത്തുള്ള നേതാക്കൾക്കും, ഈ രാജ്യത്തെ എല്ലാവർക്കും അറിയാം മന്ത്രിക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.