Drug Bust at Karipur Airport: ക്രീം ബിസ്ക്കറ്റിനൊപ്പം എംഡിഎംഎ; 34 കിലോ ഹൈബ്രിഡ് കഞ്ചാവ്; കരിപ്പൂരിൽ 3 സ്ത്രീകൾ പിടിയിൽ
Karipur Airport Drug Seizure: ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.

കസ്റ്റംസ് പിടികൂടിയ കഞ്ചാവ്
കൊണ്ടോട്ടി: 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11.45ന് തായ്‌ലൻഡിൽ നിന്നും എയർഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ വന്ന് ഇറങ്ങിയവരിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ പിടികൂടിയത്.
ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. എയർ കസ്റ്റംസും എയർ ഇന്റലിജൻസ് യൂണിറ്റും നടത്തിയ പരിശോധനയിലാണ് 34 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. കൂടാതെ, 15 കിലോയോളം തൂക്കം വരുന്ന തായ്‌ലൻഡ് നിർമിത ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയും ഇവരിൽ നിന്നും പിടികൂടി.
കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്നാണ്, ലഹരിവസ്തുക്കളുമായി യാത്രക്കാരായ മൂന്ന് സ്ത്രീകളെ പിടികൂടിയത്. ഇവർ തായ്‌ലൻഡിൽ നിന്നും ക്വാലാലംപുർ വഴിയാണ് കോഴിക്കോട് എത്തിയത്. കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് പ്രവർത്തിക്കുന്നത്.