Suresh Gopi Controversy: ആനന്ദവല്ലിക്ക് ‘ആശ്വാസം’; പണം നല്‍കി കരുവന്നൂര്‍ ബാങ്ക്; സുരേഷ് ഗോപിക്ക് പകരം ബാങ്കുകാരെ കണ്ടാൽ മതിയായിരുന്നുവെന്ന് വയോധിക
Karuvannur Bank Gave Money to Anandavally: തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്നും പണം കിട്ടിയ ആനന്ദവല്ലി പറഞ്ഞു.

Anandavally
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനിടെയിൽ അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്. മരുന്ന് വാങ്ങുന്നതിനായി ആവശ്യപ്പെട്ട പതിനായിരം രൂപ കരുവന്നൂർ ബാങ്ക് നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലെത്തിച്ചത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് നല്‍കാനുളളത്.
തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്നും പണം കിട്ടിയ ആനന്ദവല്ലി പറഞ്ഞു. ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഐഎം പൊറത്തിശ്ശേരി എൽ സി സെക്രട്ടറി ആർ എൽ ജീവൻലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സൗഹൃദ സദസില്‍വെച്ച് വയോധികയെ അപമാനിച്ചത്. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുത്ത് നൽകാൻ സഹായിക്കുമോയെന്ന് ചോദിച്ചപ്പോഴായിരുന്നു ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്.
മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ച വയോധികയോട് എന്നാൽ തന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ അദേഹത്തിന്റെ പ്രതികരണം തനിക്ക് വിഷമം ഉണ്ടാക്കിയെന്ന് ആനന്ദവല്ലി നേരത്തെ പറഞ്ഞിരുന്നു.