AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala COVID Guidelines: കോവിഡ് പരിശോധന നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം; ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം

Kerala Health Department COVID 19 Guidelines: പനി, ശ്വാസസംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിൽ ഉള്ള എല്ലാവര്‍ക്കും കോവിഡ് 19 പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Kerala COVID Guidelines: കോവിഡ് പരിശോധന നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം; ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 03 Jun 2025 21:52 PM

തിരുവനന്തപുരം: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി, ശ്വാസസംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിൽ ഉള്ള എല്ലാവര്‍ക്കും കോവിഡ് 19 പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി പിസിആര്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധം ആക്കണമെന്നും കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനം കേരളമാണ്. നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. ഇതുവരെ എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.

കേരളത്തില്‍ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ALSO READ: കപ്പൽ അപകടം; മത്സ്യത്തൊഴിലാളികൾക്ക് 10 കോടി 55 ലക്ഷം സഹായം പ്രഖ്യാപിച്ച് സർക്കാർ 

ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങൾ:

 

  1. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ ചികിത്സിക്കുമ്പോള്‍ 2023 ജൂണില്‍ പുറത്തിറക്കിയ പുതുക്കിയ എബിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
  2. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണമുള്ളവര്‍ക്ക് ശ്വാസതടസം, നെഞ്ചുവേദന, തളര്‍ച്ച, രക്തസമ്മര്‍ദ വ്യതിയാനം തുടങ്ങിയ അപായലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. കുട്ടികളില്‍ മയക്കം, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കാന്‍ മടി, വിറയല്‍, ശ്വാസതടസം എന്നിവയാണ് അപായലക്ഷണങ്ങൾ.
  3. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. കോവിഡ് രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിച്ച് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ഉറപ്പാക്കണം.
  4. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗബാധിതരെ പ്രത്യേക വാര്‍ഡുകളിലോ മുറികളിലോ പാര്‍പ്പിക്കണം.
  5. ആശുപത്രികളില്‍ ചികിത്സയിൽ ഉള്ള രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
  6. രോഗികളുടെ കൂട്ടിരിപ്പുകാരുടെയും സന്ദര്‍ശകരുടെയും എണ്ണം നിയന്ത്രിക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്ന കൂട്ടിരിപ്പുകാരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കണം. രോഗലക്ഷണമുള്ള ആരോഗ്യജീവനക്കാരും കോവിഡ് പരിശോധന നടത്തണം.
  7. കോവിഡ്-19 പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍ടി പിസിആര്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണം. പോസിറ്റീവ് സാംപിളുകള്‍ പൂണെ വൈറോളജി ലാബിലേക്ക് ഹോള്‍ ജിനോം സീക്വന്‍സിങ് ചെയ്യാന്‍ അയയ്ക്കണം. അതിനായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സെന്റിനല്‍ സൈറ്റുകളില്‍ നിന്നും മറ്റു ആശുപത്രികളില്‍ നിന്നും ആര്‍ടി പിസിആര്‍ പോസിറ്റീവ് സാംപിളുകള്‍ ശേഖരിച്ച് ജില്ലാ സര്‍വെയിലന്‍സ് യൂണിറ്റ് മുഖേന പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കണം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഓരോ ജില്ലയില്‍ നിന്നും ഇത്തരത്തില്‍ ചുരുങ്ങിയത് 15 സാംപിളുകളാണ് അയയ്‌ക്കേണ്ടത്.
  8. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കുന്നതും, കൈകഴുകുന്നതും ഉൾപ്പടെയുള്ള ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
  9. ആശുപത്രികളിൽ മതിയായ മരുന്നുകള്‍, മാസ്‌ക്, കയ്യുറ, ഓക്‌സിജന്‍, വെന്റിലേറ്ററുകള്‍, ഐസിയു കിടക്കകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും മോക്ഡ്രില്‍ നടത്തണം.