Kannur University Updates: കണ്ണൂർ സർവകലാശാലയിലെ അസി.പ്രൊഫസർമാരുടെ നിയമനം റദ്ദാക്കി
സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് അധ്യക്ഷനായുള്ള സമിതിയാണ് ആദ്യം അഭിമുഖം നടത്തിയത്, പിന്നീട് ഗോപിനാഥിനെ സുപ്രീംകോടതി പുറത്താക്കിയിരുന്നു

Kannur University
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസര്മാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഭൂമിശാസ്ത്ര വിഭാഗത്തിലേക്ക് 2023 നവംബർ 29, 30 തീയതികളിൽ നടന്ന അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഡോ.സുദീപ് ടി.പി, ബാലകൃഷ്ണൻ പത്മാവതി എന്നിവരുടെ നിയമനമാണ് ജസ്റ്റിസ് എൻ നാഗേഷ് റദ്ദാക്കിയത്. സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് അധ്യക്ഷനായുള്ള സമിതിയാണ് ആദ്യം അഭിമുഖം നടത്തിയത് എന്നാൽ സുപ്രീം കോടതി ഉത്തരവിൽ കെ ഗോപിനാഥിന് പുറത്തു പോവേണ്ടി വന്നതിനാൽ 2023 നവംബർ 30-ന് മറ്റൊരു പ്രൊഫസറെ പാനലിന്റെ തലവനായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹം ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർഥികളിലൊരാളുടെ ഗൈഡായിരുന്നെന്നും ഇത് അന്തിമ ഫലത്തിനെ സ്വാധീനിക്കുമെന്നും കാണിച്ച് നിയമനം ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ തൻ്റെ വിദ്യാർത്ഥിയായ ഡോ.സുദീപ് ഉദ്യോഗാർഥിയായിരുന്നോ എന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹത്തെ കൂടാതെ ഏഴംഗ സെലക്ഷൻ കമ്മിറ്റിയിൽ രണ്ട് വിഷയ വിദഗ്ധർ കൂടി ഉണ്ടായിരുന്നെന്നും ജെഎൻയുവിൽ നിന്നുള്ള ആരോപണ വിധേയനായ പ്രൊഫസർ സച്ചിദാനന്ദ സിൻഹ കോടതിയെ അറിയിച്ചു. മറ്റ് ഏഴ് അംഗങ്ങളുടെ തീരുമാനങ്ങളെ തനിക്ക് മാത്രം സ്വാധീനിക്കാൻ കഴിയില്ലെന്ന് പ്രൊഫസർ സിൻഹ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഓപ്പൺ വിഭാഗത്തിൽ ഡോ.സുദീപിനാണ് ഒന്നാം റാങ്ക്.
മറ്റൊന്ന് ഡോക്ടറൽ ബിരുദമുണ്ടായിരുന്നവർ ഉണ്ടായിട്ടും നെറ്റ് യോഗ്യത മാത്രമുള്ള ജെഎൻയുവിൽ നിന്നുള്ള ബാലകൃഷ്ണൻ പത്മാവതിക്ക് സംവരണ വിഭാഗത്തിൽ നിയമനം നൽകിയതും ഉദ്യോഗാർഥികൾ കോടതിയിൽ ചോദ്യം ചെയ്തിരുന്നു.
അതേസമയം സെലക്ഷൻ കമ്മിറ്റി നടപടികളിൽ അധ്യക്ഷത വഹിക്കുന്നതിൽ വൈസ് ചാൻസലർക്ക് വ്യക്തിപരമായോ മറ്റേതെങ്കിലും ബുദ്ധിമുട്ടോ ഉണ്ടായിരുന്നെങ്കിൽ അഭിമുഖ നടപടികൾ ഭാഗികമായി റദ്ദാക്കുകയും അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യണമായിരുന്നതായി കോടതി നിരീക്ഷിച്ചു. “മുൻ വിജ്ഞാപനങ്ങൾ അനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് പുതുതായി തിരഞ്ഞെടുപ്പ് നടത്താൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” കോടതി പറഞ്ഞു.