Kerala Lottery Bandh: സംസ്ഥാനത്ത് ഇന്ന് ലോട്ടറി ബന്ദ്; തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ ലഭിക്കില്ലേ?
Onam Bumper 2025 Sale: എല്ലാ ടിക്കറ്റുകളുടെയും വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തി. ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടും സമ്മാനങ്ങളില്‍ നിന്ന് ലോട്ടറി ഏജന്റിന് ലഭിക്കുന്ന കമ്മീഷനുകളില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് സംഘടനയുടെ പ്രതിഷേധം.

കേരള ലോട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോട്ടറി ബന്ദ്. ജിഎസ്ടി വര്‍ധനവിന് പിന്നാലെ ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ഏജന്റുമാരുടെ കമ്മീഷന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്ത ലോട്ടറി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച ബന്ദ് വിജയിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഇന്ന് മുതലാണ് പുതുക്കിയ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് ആരംഭിക്കുന്നത്. എല്ലാ ടിക്കറ്റുകളുടെയും വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തി. ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടും സമ്മാനങ്ങളില്‍ നിന്ന് ലോട്ടറി ഏജന്റിന് ലഭിക്കുന്ന കമ്മീഷനുകളില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് സംഘടനയുടെ പ്രതിഷേധം.
ലോട്ടറി ജിഎസ്ടി രാജ്യത്ത് ആറ് മാസത്തിനുള്ളില്‍ 40 ശതമാനമായി വര്‍ധിപ്പിച്ചു. ഇതിന്റെ പേരില്‍ വില്‍പന കമ്മീഷനിലും പ്രൈസ് കമ്മീഷനിലും കുറവ് വരുത്തി. ഈ നടപടി ലോട്ടറിയെടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും ഏജന്റുമാരോടും വില്‍പനക്കാരോടുമുള്ള ചതിയുമാണെന്നാണ് അസോസിയേഷന്റെ ആരോപണം.
അതേസമയം, നേരത്തെ ഉണ്ടായിരുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്റെ സമ്മാനത്തുകയേക്കാള്‍ കുറവായിരിക്കുന്നു ഇന്ന് മുതല്‍ വില്‍പന നടക്കുന്ന 50 രൂപ ടിക്കറ്റുകള്‍ക്ക്. എന്നാല്‍ ഇത് ലോട്ടറിയില്‍ നിന്ന് വരുമാനം നേടുന്നവരെ ഒന്നാകെ കഷ്ടത്തിലാക്കുന്ന നടപടിയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
Also Read: Kerala Lottery Bandh: ഓണം ബമ്പറിന്റെ കാര്യം കഷ്ടമാകും? 26ന് ലോട്ടറി ബന്ദ്
ഓണം ബമ്പര്‍
സെപ്റ്റംബര്‍ 27 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഇതിന് തലേദിവസം നടക്കുന്ന ബന്ദ് ലോട്ടറി വില്‍പനയെ സാരമായി ബാധിക്കാനാണ് സാധ്യത. എന്നാല്‍ ഇതിനോടകം തന്നെ ലോട്ടറി ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുതീര്‍ന്നു. ഇനി അധികം ടിക്കറ്റുകള്‍ ബാക്കിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.