Kerala Rain Alert: കലിതുള്ളി കാലവർഷം; ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ മരചില്ല വീണു, മഴ ഇനിയും കനക്കും
Kerala Monsoon Rain Damage: ചെറുതുരുത്തി റെയിൽവേസ്റ്റേഷനിൽ എത്തിയ ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകൾ വീണത്. സംഭവം നടക്കുമ്പോഴും കനത്ത മഴയായിരുന്നു. ട്രെയിനിന്റെ സെക്കൻഡ് ക്ലാസ് കമ്പാർട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകൾ വീണത്.

Kerala Rain
തിരുവനന്തപുരം; ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളമാകെ വ്യാപക നാശം. കാലവർഷക്കെടുതിയിൽ കേരളത്തിലെ വിവിധ ജില്ലകളിലാണ് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂർ മുനക്കൽ ബീച്ചിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നാശം. കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ ഓടുകൾ പറന്നുപോയതായാണ് വിവരം. അഴിക്കോട് ബീച്ചിൽ ചീനവലകൾ ഉൾപ്പെടെ തകർന്നു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനെ തുടർന്ന് വലിയ അപകടമൊഴിവായി.
എറണാകുളം ഫോർട്ട് കൊച്ചിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്നുപേർക്കാണ് പരിക്കേറ്റത്. മുനമ്പം ഹാർബറിനകത്ത് ശക്തമായ കാറ്റിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അഞ്ചോളം വാഹനങ്ങളാണ് മരം വീണ് തകർന്നത്. അതിനിടെ തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഇതേതുടർന്ന് ഒരുമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. ചില്ലകൾ മുറിച്ചുമാറ്റിയ ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
ചെറുതുരുത്തി റെയിൽവേസ്റ്റേഷനിൽ എത്തിയ ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകൾ വീണത്. സംഭവം നടക്കുമ്പോഴും കനത്ത മഴയായിരുന്നു. ട്രെയിനിന്റെ സെക്കൻഡ് ക്ലാസ് കമ്പാർട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകൾ വീണത്. കോഴിക്കോട് വാലില്ലാപുഴയിൽ വീടിനു മുകളിലേക്ക് തൊട്ടടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിന് പരിക്കേറ്റ്. കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് അപകടം.
മലപ്പുറം പറപ്പൂർ ചോലക്കുണ്ടിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നതായാണ് വിവരം. നിർമ്മാണത്തിലിരിക്കുന്ന വീടാണ് തകർന്നത്. ഒറ്റപ്പാലത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നു. പാലക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽ മരം വീണു മദ്രസാ അധ്യാപകന് പരിക്കേറ്റു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അധ്യാപകൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വരും ദിവസങ്ങളിലും മഴ കനക്കും
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് പ്രവചിച്ചിരിക്കുന്നത്. നിലവിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.