Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
Kerala MVD Warning About Money Fraud Case: ഗതാഗത നിയമം തെറ്റിച്ചതിന് എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് ഒരു മെസേജും ഇ-ചലാൻ റിപ്പോർട്ട് ആർഡിഒ എന്ന ഒരു എപികെ ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് വ്യാജനാണ് ആരും വിശ്വസിക്കരുത്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കും.

തിരുവനന്തപുരം: ഫോണുകളിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയിൽ എത്തുന്ന സന്ദേശങ്ങളിലാണ് മുന്നറിയിപ്പ്. ഇ-ചലാൻ റിപ്പോർട്ട് ആർഡിഒ എന്ന പേരിൽ എത്തുന്ന എപികെ ഫയൽ ലിങ്ക് തുറന്നാൽ പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. കേരള മോട്ടാർ വാഹന വകുപ്പിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
ഗതാഗത നിയമം തെറ്റിച്ചതിന് എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് ഒരു മെസേജും ഇ-ചലാൻ റിപ്പോർട്ട് ആർഡിഒ എന്ന ഒരു എപികെ ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് വ്യാജനാണ് ആരും വിശ്വസിക്കരുത്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കും. ആയതിനാൽ ഒരു കാരണവശാലും എപികെ ഫയൽ നിങ്ങൾ തുറക്കരുത്.
നിലവിൽ മോട്ടോർ വാഹന വകുപ്പോ, പോലീസോ വാട്ട്സ് അപ്പ് നമ്പറിലേക്ക് ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർസിയിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയി അയയ്ക്കുന്നതാണ് പതിവ്. ഇ ചലാൻ സൈറ്റ് വഴിയാണ് അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി ചെക്ക് പെൻഡിങ് ട്രാൻസാക്ഷൻ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ വാഹന നമ്പറോ, ചലാൻ നമ്പറോ നൽകുക. ശേഷം നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അതിലൂടെ അറിയാൻ സാധിക്കും. ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.