Kerala Nipah Death: നിപ മരണം; 14 പേർ ഹൈയസ്റ്റ് റിസ്‌കിൽ, സമ്പർക്കപ്പട്ടികയിൽ ആകെ 497 പേർ
Kerala Nipah Death In Palakkad: സംസ്ഥാനത്ത് ആകെ 14 പേർ ഹൈയസ്റ്റ് റിസ്‌കിലാണ്. കൂടാതെ 82 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിൽ കഴിയുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ആകെ 497 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Kerala Nipah Death
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം (Nipah Death). പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി 58 വയസ്സുകാരനാണ് നിപ ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്.
സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ആകെ 497 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 203, കോഴിക്കോട് 114, പാലക്കാട് 178, എറണാകുളത്ത് രണ്ട് പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളവർ. രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് മാത്രം 10 പേരാണ് ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് ആകെ 14 പേർ ഹൈയസ്റ്റ് റിസ്‌കിലാണ്. കൂടാതെ 82 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിൽ കഴിയുകയാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകൾ സന്ദർശിച്ച് വിലയിരുത്തി വരികയാണ്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ നിരീക്ഷിക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.