Kerala Rain Alert: ചക്രവാതചുഴിയും ന്യൂനമർദ്ദവും വിനയാകുമോ? സംസ്ഥാനത്ത് ഇന്നത്തെ മഴ സാധ്യത ഇങ്ങനെ
Kerala Rain Alert Today: ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കുള്ള സാധ്യതയുമാണ് പ്രവചിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പകൽ ചൂടിന് ആശ്വാസമേകാൻ മഴ (Kerala Rain Alert) എത്തുന്നു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്.
അതേസമയം, ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കുള്ള സാധ്യതയുമാണ് പ്രവചിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മഴ ഇവിടെ തന്നെയുണ്ട്! ദാ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്; ഇന്നത്തെ കാലാവസ്ഥ
കഴിഞ്ഞ 2025 ഡിസംബർ ആദ്യം മുതൽ സംസ്ഥാനത്ത് അതിശൈത്യമാണ് അനുഭവപ്പെട്ടിരുന്നത്. പകൽ ചൂടും രാത്രി സമയങ്ങളിൽ അതികഠിനമായ തണുപ്പുമായിരുന്നു കാലാവസ്ഥ. എന്നാൽ പുതുവർഷം പിറന്നതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടായി. കഴിഞ്ഞ ഒരുമാസമായി മാറി നിന്ന മഴ വീണ്ടും സജീവമാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിലൂടെ ലഭിക്കുന്നത്.
തുലവാർഷത്തിൽ മഴ കുറവ്
കേരളത്തിൽ 2025ൽ തുലാവർഷ മഴയിൽ 21 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 491.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റർ മഴ മാത്രമാണ്. കാലവർഷ കണക്കിലും ഇത്തവണ 13 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുലാവർഷത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 550 മില്ലിമീറ്റർ മഴയാണ് പെയ്തത്. കണക്കുകൾ പരിശോധിച്ചാൽ പൊതുവെ എല്ലാ ജില്ലകളിലും തുലാവർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവാണ് ലഭിച്ചത്. അതിനാൽ വരുന്ന വേനലിൽ മഴയുടെ കുറവ് കേരളത്തെ കാര്യമായി ബാധിച്ചേക്കാം.