AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain: ജാഗ്രത കൈവിടല്ലേ; പാലക്കാടും കാസര്‍കോടുമായി മൂന്നുപേര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടു

Kerala Rain Accidents: മണ്ണാര്‍ക്കാട് കൈതച്ചിറ മാസപറമ്പില്‍ സ്വദേശികളായ അമ്മയും മകളുമാണ് പാലക്കാട് ഒഴുക്കില്‍പെട്ടത്. ഇവരെ രണ്ടുപേരെയും രക്ഷപ്പെടുത്തി. മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും.

Kerala Rain: ജാഗ്രത കൈവിടല്ലേ; പാലക്കാടും കാസര്‍കോടുമായി മൂന്നുപേര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടു
പ്രതീകാത്മക ചിത്രം Image Credit source: Mahesh/Moment Open/Getty Images
shiji-mk
Shiji M K | Published: 16 Jun 2025 15:41 PM

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലായി പുഴകള്‍ നിറഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് അപകടം. പാലക്കാട് കുന്തിപ്പുഴയില്‍ രണ്ടുപേര്‍ അപകടത്തില്‍പെട്ടു. അമ്മയും മകളുമാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ എട്ട് വയസുകാരനെ കാണാതായി.

മണ്ണാര്‍ക്കാട് കൈതച്ചിറ മാസപറമ്പില്‍ സ്വദേശികളായ അമ്മയും മകളുമാണ് പാലക്കാട് ഒഴുക്കില്‍പെട്ടത്. ഇവരെ രണ്ടുപേരെയും രക്ഷപ്പെടുത്തി. മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും. കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ കാണാതായ സാദത്തിന്റെ മകന്‍ സുല്‍ത്താന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

അതിനിടെ, കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കടലില്‍ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ആലപ്പുഴ സ്വദേശി ഡോണിന്റെ മൃതദേഹമാണ് ഇന്ന് (ജൂണ്‍ 16 തിങ്കള്‍) പുലര്‍ച്ചെ പുറക്കാട് തീരത്തടിഞ്ഞത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് എട്ടുപേര് അടങ്ങുന്ന സംഘം കടലിലില്‍ പോയത്. ഇവരില്‍ ഏഴുപേര്‍ രക്ഷപ്പെട്ടു. ഡോണിനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇന്ന് പുലര്‍ച്ചെയോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

അതേസമയം, കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. അതിനാല്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളില്‍ ഓറഞ്ച്, മഞ്ഞ എന്നീ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

Also Read: Kerala Flood Alert: പെരുമഴ! നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്, ജാ​ഗ്രത

നദികളില്‍ ഇറങ്ങുന്നതിനും നദികള്‍ മുറിച്ച് കടക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കാന്‍ തയാറാകണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.