ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Kerala School Holiday: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ റിപ്പോർട്ടുകളും ജില്ലയിലെ കാലവർഷ സാഹചര്യങ്ങളും കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.

Kerala School Holiday
തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ റിപ്പോർട്ടുകളും ജില്ലയിലെ കാലവർഷ സാഹചര്യങ്ങളും കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും – സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ – നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും മഴയുടെ സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ആണ് നാളെ അവധി നൽകിയിരിക്കുന്നത്. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Also Read: കുട്ടികളുടെ സുരക്ഷയ്ക്ക് മുൻകരുതൽ നടപടി; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
സംസ്ഥാനത്ത് ഏഴാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 5 ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂലൈ 06ന് യെല്ലോ അലർട്ട് ഉണ്ട്. ജൂലൈ 07-ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ തദ്ദേശ/റവന്യൂ അധികാരികളുമായി ബന്ധപ്പെടുക. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കുക. നദികളിൽ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കുക. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ വാഹനം ഓടിക്കരുത്.
അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അവശ്യഘട്ടങ്ങളിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ സഹായത്തിന് ബന്ധപ്പെടാം. കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാമെന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ കൃത്യമായി ശ്രദ്ധിക്കണം.
English Summary
The Collector has declared a holiday for educational institutions in Thrissur district on Saturday (July 4) due to the continued heavy rains. District Collector Shikha Surendran announced that all educational institutions, including professional colleges, will be closed tomorrow. This holiday will not apply to pre-scheduled public examinations and interviews. The District Collector requested everyone to be vigilant and avoid unnecessary travel.