Kerala Job Fraud Case: സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; കേസെടുത്ത് പോലീസ്
Kerala Secretariat Job Fraud Case: അമ്പതോളം പേരിൽ നിന്നാണ് സെക്രട്ടേറിയറ്റിലെ ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്. പണം നേരിട്ടും ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയിലൂടെയും കൈമാറിയിരുന്നു. അതിനാൽ രേഖകളടക്കം തെളിവ് സഹിതമാണ് പരാതികൾ ലഭിച്ചിരിക്കുന്നത്.

Kerala Secretariat
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് (Secretariat Job Fraud Case). സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളാണ് തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് പ്രതികൾ ഇവരിൽ നിന്ന് തട്ടിയെടുത്തത്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് പണം തട്ടിയത്.
കഴിഞ്ഞ മാർച്ച് മുതലാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം. അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്നാണ് ആളുകളിൽ നിന്ന് പണം തട്ടിയത്. ഒരു ലക്ഷം രൂപയോളമാണ് ഓരോ വ്യക്തികൾക്കും നഷ്ടമായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവർക്കൊപ്പം കൃത്യത്തിൽ പങ്കുണ്ടെന്ന് പറയപ്പെടുന്ന ബീമാപ്പള്ളി സ്വദേശി ഫിറോസ് ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് പരാതിയിൽ പോലീസ് കേസെടുത്തു.
അമ്പതോളം പേരിൽ നിന്നാണ് സെക്രട്ടേറിയറ്റിലെ ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്. പണം നേരിട്ടും ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയിലൂടെയും കൈമാറിയിരുന്നു. അതിനാൽ രേഖകളടക്കം തെളിവ് സഹിതമാണ് പരാതികൾ ലഭിച്ചിരിക്കുന്നത്. വിവിധാ സ്റ്റേഷനുകളിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പിന് ഇരയായവരിൽ ഏറെയും മത്സ്യത്തൊഴിലാളികളാണ്. പൂന്തുറ, ഫോർട്ട്, അരുവിക്കര, തിരുവല്ലം സ്റ്റേഷനുകളിലാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്.
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അനിൽ ബാബുവിനെ വിളിച്ചുവരുത്തുകയും തിങ്കളാഴ്ച പണം മുഴുവൻ തിരികെ നൽകാമെന്ന് ഇയാൾ അറിയിക്കുകയും ചെയ്തു. പണം തിരികെ ലഭിച്ചാൽ മതിയെന്ന നിലപാടിലാണ് പരാതിക്കാർ. എന്നാൽ തിങ്കളാഴ്ച്ച പ്രതികൾ വീണ്ടും മാസങ്ങളുടെ അവധി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പ്രതികളും ഒളിവിലാണ്.