Kerala Weather Update: എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. മറ്റിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
ജൂൺ 16 – കോട്ടയം, എറണാകുളം ജില്ലകളിൽ
ഗ്രീൻ അലർട്ട്
ജൂൺ 16 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 17, 18, 19 തീയതികളിൽ എല്ലാ ജില്ലകളിലും
ALSO READ: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
മഴ കുറയാൻ കാരണമെന്ത്?
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമാകുന്നു. ജൂൺ ആദ്യ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചെങ്കിലും നിലവിൽ മഴയുടെ അളവ് കുറയുകയാണ്. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ കാരണമാകുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. എൽ നിനോ സ്വാധീനത്താൽ, പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഉയരുകയും അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മൺസൂൺ കാറ്റുകളുടെ ഗതിയും ശക്തിയും കുറയ്ക്കുകയും ചെയ്യുന്നു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വലിയ തോതിൽ മഴമേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും, അനുകൂലമായ അന്തരീക്ഷ ചുഴികൾ ഇല്ലാത്തതിനാൽ അവ കേരള തീരത്തേക്ക് എത്തുന്നില്ലായെന്നും, കേരള തീരത്തേക്ക് സാധാരണയായി വീശിയടിക്കാറുള്ള ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റുകളുടെ വേഗത കുറഞ്ഞതായും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയില്ലെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ദീർഘകാല ശരാശരിയെക്കാൾ മഴ കുറയാനാണ് സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ജൂൺ 16 മുതൽ 19 വരെ: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.
ജൂൺ 16 മുതൽ 18 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
English Summary:
Yellow alert has been issued for Kottayam and Ernakulam districts due to the possibility of heavy rain. This morning, light to moderate rain and strong winds are expected in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam and Kasaragod districts.