Kerala Rain Alert: 2025ലെ കാലവർഷം ഇതാ! തീയതി പ്രവചിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
Kerala Weather Update Today:മെയ് പതിമൂന്നോടെ മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് അറിയിപ്പ്.

മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ഈ വർഷത്തെ കാലവര്‍ഷം നേരത്തെയെത്തുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് പതിമൂന്നോടെ മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് അറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് 7 മുതൽ10 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിനു പുറമെ അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.