Kochi Metro: കൊച്ചി മെട്രോയെ തോൽപിക്കാൻ ആരുണ്ടെടാ, പുതുവർഷത്തിൽ റെക്കോർഡ് നേട്ടം
Kochi Metro New Year Record: ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിനവരുമാണ് പുതുവർഷ തലേന്ന് കൊച്ചി മെട്രോ രേഖപ്പെടുത്തിയത്. ആഘോഷങ്ങൾ പ്രമാണിച്ച് രാത്രി വൈകിയും സർവീസുകൾ നീട്ടിയതാണ് ഗുണകരമായത്.

Kochi Metro
കൊച്ചി: പുതുവർഷത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി കൊച്ചി മെട്രോ. പുതുവർഷത്തലേന്നും പുലർച്ചെയുമായി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തിലാണ് പുതിയ നേട്ടം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ 1,61,683 പേരാണ് സഞ്ചരിച്ചത്.
ജനുവരി ഒന്നിന് പുലർച്ചെ രണ്ട് മണിവരെ നടത്തിയ സർവീസിൽ കൊച്ചി മെട്രോയിൽ 1,39,766 പേരാണ് യാത്രചെയ്തത്. പുലർച്ചെ നാലുമണിവരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസ്സിൽ 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്തതായാണ് കണക്ക്. കൂടാതെ, വരുമാനത്തിലും കൊച്ചി മെട്രോ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഡിസംബർ 31-ന് 44,67,688 രൂപയുടെ വരുമാനമാണ് നേടിയത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിനവരുമാണ് പുതുവർഷ തലേന്ന് കൊച്ചി മെട്രോ രേഖപ്പെടുത്തിയത്. ആഘോഷങ്ങൾ പ്രമാണിച്ച് രാത്രി വൈകിയും സർവീസുകൾ നീട്ടിയതാണ് യാത്രക്കാർക്കും മെട്രോയ്ക്കും ഏറെ സഹായകരമായത്. സ്റ്റേഷനുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ALSO READ: മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ്…ആഘോഷം കഴിഞ്ഞ് വേഗം മടങ്ങാം
കൊച്ചി മെട്രോ റെയില്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍മെട്രോ എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കണക്കുകളിലെ ഉയര്‍ച്ചയെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒന്നിലധികം റൂട്ടുകളിലായി മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന 15 ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ ആണ് സർവീസ് നടത്തിയത്.
കൊച്ചി മെട്രോ പ്രവര്‍ത്തനം തുടങ്ങിയ 2017 മുതല്‍ ഇതുവരെ 17.52 കോടിയിലധികം യാത്രക്കാര്‍ കൊച്ചി മെട്രോയെ ആശ്രയിച്ച് യാത്ര ചെയ്തിട്ടുണ്ട്. 2025 ല്‍ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി ഉയര്‍ന്നു, ഡിസംബറില്‍ മാത്രം 32,68,063 പേരാണ് മെട്രോയില്‍ യാത്ര ചെയ്തതെന്നും ബെഹ്‌റ പറഞ്ഞു.