Rahul Mamkootathil: നിർണായകം; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Rahul Mamkootathil MLA First Case Bail: ആദ്യ കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാകും സംഘം കോടതിയിൽ വാദിക്കുക.
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ആദ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷൻസ് കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ കേസിൽ രാഹുലിൻ്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
നിലവിൽ മൂന്നാമത്തെ കേസിലാണ് രാഹുൽ അറസ്റ്റിലായത്. ഇക്കാര്യമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ ഇന്ന് അറിയിക്കും. ആദ്യ കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാകും സംഘം കോടതിയിൽ വാദിക്കുക.
ALSO READ: രാഹുലിന് തിരിച്ചടി; ജാമ്യഹര്‍ജി തളളി, ജയിലില്‍ തുടരും
നിലവിൽ മൂന്നാത്തെ പീഡന കേസിൽ ജയിലിൽ കഴിയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഈ കേസിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ചട്ടവിരുദ്ധമായ അറസ്റ്റാണ് നടന്നതെന്ന പ്രതിഭാഗത്തിൻ്റെ വാദവും കോടതി അംഗീകരിച്ചില്ല.
ജനുവരി 11-നാണ് എൻആർഐ യുവതിയുടെ പരാതിയിൽ രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നത്. മാവേലിക്കര സബ് ജയിലിലാണ് രാഹുൽ നിലവിൽ കഴിയുന്നത്. മുമ്പ് പുറത്തുവന്ന മറ്റ് രണ്ട് കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുകയാണ്.