Kochi Ship Accident : മുങ്ങിയ കപ്പലിൽ എന്തെല്ലാം? പരിണതഫലം എന്താണെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി
Kerala High Court On Kochi Ship Accident : ആകെ 643 കണ്ടെയ്നറുകളായിരുന്നു മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇവയിൽ വളരെ കുറച്ച് കണ്ടെയ്നറുകൾ മാത്രമാണ് കേരളത്തിൻ്റെ തീരത്തടിഞ്ഞത്.
കൊച്ചി : 643 കണ്ടെയ്നറുകളുമായി കേരള തീരത്തിനോട് അടുത്ത് മുങ്ങിയ ലൈബീരിയൻ കപ്പലപകടത്തെ കുറിച്ച് സർക്കാരിനോട് വിസദാംശങ്ങൾ തേടി ഹൈക്കോടതി. എം എസ് സി എൽസ 3 എന്ന മുങ്ങിയ കപ്പലിൽ എന്തെല്ലാമുണ്ടെന്നും കപ്പലപകടത്തെ തുടർന്ന് എന്തെല്ലാം പരിണിതഫലമുണ്ടാകുമെന്നും അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടിഎൻ പ്രതാപൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരമാർശം. രണ്ടാഴ്ചയക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിക്കണം. കൂടാതെ ആ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. കൂടാതെ കപ്പലിൽ നിന്നും ചോർന്ന മറൈൻ ഇന്ധനം ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകൾ എന്തെല്ലാമാണെന്നും സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ALSO READ : Kochi Ship Accident: കപ്പൽ അപകടം; മത്സ്യത്തൊഴിലാളികൾക്ക് 10 കോടി 55 ലക്ഷം സഹായം പ്രഖ്യാപിച്ച് സർക്കാർ
643 കണ്ടെയ്നറുകൾ ഉണ്ടായിരുന്ന ലൈബീരിയൻ കപ്പലിലെ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുയെന്ന് മാത്രമാണ് സർക്കാർ ഇതുവരെ പൊതുജനത്തെ അറിയിച്ചിട്ടുള്ളത്. കസ്റ്റംസിന് കാർഗോ ഷിപ്പിൻ്റെ അധികൃതർ നൽകിയ രേഖയിൽ മുങ്ങിയ കപ്പലിൽ നാല് കണ്ടെയ്നറുകളിൽ ക്യാഷ് (പണം) ഉണ്ടായിരുന്നുയെന്നാണ്. പക്ഷെ പരിശോധനയിൽ അത് കാഷ്യൂ (കശുവണ്ടി) ആണെന്ന് വ്യക്തമായി എന്ന കസ്റ്റംസിനെ ഉദ്ദരിച്ചുകൊണ്ട് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഇവയ്ക്ക് പുറമെ കോട്ടൺ, പോളിമർ അസംസ്കൃത വസ്തുക്കൾ, തടി. തെയില, സുഗന്ധവ്യഞ്ജനങ്ങൾ, തേങ്ങ, വെളിച്ചെണ്ണ, മറ്റ് നട്സുകൾ, തുടങ്ങിയവയാണുള്ളതെന്നാണ് മനോരമ ഓൺലൈൻ്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യം സർക്കാർ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. ആകെ 643 കണ്ടെയ്നറുകളിൽ 71 എണ്ണം ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കപ്പലപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. 1000 രൂപയും ആറ് കിലോ അരിയും വീതമാണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. ഇതിനായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്