Kochi Ship Accident: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത; മറൈൻ ഓയിൽ തൊടരുതെന്ന് പറയാൻ കാരണമുണ്ട്
What Is Marine Oil?: കൊച്ചിയിൽ കപ്പൽ മറിഞ്ഞപ്പോൾ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതും കടലിൽ പരന്നതും മറൈൻ ഓയിലാണ്. ഇത് തൊടരുതെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. അതിൻ്റെ കാരണമറിയാമോ?

മറൈൻ ഓയിൽ
കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പ് മറിഞ്ഞ് മറൈൻ ഓയിൽ കടലിൽ പരന്നിരിക്കുകയാണ്. കണ്ടെയ്നറുകളിൽ തൊടരുതെന്നാണ് പൊതുജനങ്ങളോട് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. തൊടുന്നത് അപകടമാണെന്നും കണ്ടെയ്നറുകൾ കണ്ടാൽ ഉടൻ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ, എന്താണ് ഈ അപകടമെന്ന് അധികൃതർ അറിയിച്ചിട്ടില്ല. അതെന്തൊക്കെയാണെന്ന് നോക്കാം.
എന്താണ് മറൈൻ ഓയിൽ?
മറൈൻ ഓയിൽ എന്നാൽ കപ്പലുകൾ, ബോട്ടുകൾ തുടങ്ങി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനമോ ലൂബ്രിക്കൻ്റ് ഓയിലുകളോ ആവാം. ഇത്തരം വാഹനങ്ങളുടെ എഞ്ചിനും ഗിയർ സിസ്റ്റവുമൊക്കെ സംരക്ഷിക്കാനുപയോഗിക്കുന്ന മറൈൻ ഓയിലുകൾ രണ്ട് തരമുണ്ട്. 2 സട്രോക്ക് എഞ്ചിൻ മറൈൻ ഓയിലും 4 സ്ട്രോക്ക് എഞ്ചിൻ മറൈൻ ഓയിലും. ഇനി ഇന്ധനമായി ഉപയോഗിക്കുന്ന മറൈൻ ഡീസൽ എഞ്ചിൻ ഓയിലാണെങ്കിൽ കടലിലെ ഉയർന്ന ഹ്യുമിഡിറ്റിയും ഉപ്പരസവും മറ്റ് ദുർഘടമായ അവസ്ഥകളുമൊക്കെ തരണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ളതാണ്.
കടലിൽ കലർന്നാൽ എന്താണ് പ്രശ്നം?
മറൈൻ ഓയിൽ കടലിൽ കലർന്നാൽ അത് കടലിലെ ജീവികളെ ബാധിക്കും. മത്സ്യങ്ങൾ ഉൾപ്പെടെയുള്ളവ ഇത് ഉള്ളിൽ ചെന്നോ ഓയിലിൽ പൊതിഞ്ഞോ മരണപ്പെടും. കടലിലെ പവിഴപ്പുറ്റുകളും ബ്രീഡിങ് ഗ്രൗണ്ടുകളുമൊക്കെ എണ്ണ വീണ് നാശമാവും. ഇത് കടലിലെ ജൈവവ്യവസ്ഥ തകർക്കും. കടലിൻ്റെ അടിത്തട്ടിലുള്ള മറൈൻ ഓയിൽ വർഷങ്ങളോളം പ്രശ്നക്കാരനായി തുടരാൻ സാധ്യതയുണ്ട്.
Also Read: Kochi Ship Accident: കടലിൽ വീണത് മറൈൻ ഓയിലും രാസവസ്തുക്കളും; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് സൂചന
ഇത് മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കും. എണ്ണ കലർന്ന് മീനുകൾ ചാവുകയാണെങ്കിൽ മത്സ്യബന്ധനം ബുദ്ധിമുട്ടിലാവും. ഓയിൽ വീണ് വൃത്തികേടായ ബീച്ചുകളിൽ വിനോദസഞ്ചാരികളുടെ വരവ് കുറയുമെന്നതിനാൽ ഇത് ടൂറിസം മേഖലയെയും ബാധിക്കും.
തൊടരുതെന്ന് പറയാൻ കാരണമെന്ത്?
മറൈൻ ഓയിലിൽ ടോക്സിക് ആയ കെമിക്കലുകൾ ധാരാളമുണ്ട്. ഹൈഡ്രോകാർബണുകളും മെറ്റലുകളുമൊക്കെ മറൈൻ ഓയിലിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് തൊട്ടാൽ ചർമ്മത്തിന് പൊള്ളലേൽക്കാനിടയുണ്ട്. ഉള്ളിൽ കടന്നാൽ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളും മറൈൻ ഓയിൽ ഉണ്ടാക്കും. ഈ മറൈൻ ഓയിൽ ശ്വസിക്കുന്നത് തലവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും.