Rapper Vedan: റാപ്പർ വേടനെതിരായ പുല്ലിപ്പല്ല് കേസ്; കോടനാട് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി
Kodanad Range Officer Transferred: കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച ഓഫീസര്‍ അധീഷീനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടത്.
കൊച്ചി: റാപ്പർ വേടനെതിരായ പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ നടപടിയെടുത്ത് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇതിന്റെ ഭാഗമായി കോടനാട് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച ഓഫീസര്‍ അധീഷീനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടത്.
അന്വേഷണം നടക്കുന്നതിനിടെയിൽ വേടന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നും സ്ഥിരീകരണവും ഇല്ലാത്ത പ്രസ്‌താവനകൾ ഇദ്ദേഹം മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും മറ്റ് തുടര്‍ നടപടികളിൽ തീരുമാനം എടുക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞു.
കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയിൽ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയെയും എട്ടുപേരെയും പോലീസ് പിടികൂടിയിരുന്നു. ഫ്ലാറ്റിൽ നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയിലാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിക്കുകയും വേടനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്.
ഇതിനു ശേഷം കഴിഞ്ഞ ബുധനാഴ്ച വേടന് ജാമ്യം ലഭിച്ചു. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.