Lorry Driver Training: പാഠം ഒന്ന് ലൈന്‍ ട്രാഫിക്; ലോറി ഡ്രൈവര്‍മാര്‍ക്ക് എംവിഡിയുടെ വക പരിശീലനം
MVD Lane Training For Lorry Drivers: ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ കണ്ടെയ്‌നര്‍ ഗതാഗതം വര്‍ധിപ്പിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ക്ലാസ്.

എംവിഡി
തിരുവനന്തപുരം: ലൈന്‍ ട്രാഫിക്കില്‍ പരിശീലനം നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ലോറി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനാണ് നീക്കം. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ പരിശീലന കേന്ദ്രത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ക്കാണ് ക്ലാസില്‍ മുന്‍ഗണന.
ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ കണ്ടെയ്‌നര്‍ ഗതാഗതം വര്‍ധിപ്പിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ക്ലാസ്. മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ വലിയ വാഹനങ്ങള്‍ കുറഞ്ഞ വേഗത്തില്‍ സ്പീഡ് ട്രാക്കിലൂടെ പോകുന്നതും സിഗ്നല്‍ നല്‍കാതെ ലൈന്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപകടത്തിന് കാരണമായേക്കാം.
പുത്തന്‍ തലമുറയിലെ ആറുവരി ദേശീയപാതകളില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള പ്രധാന കാരണം ലൈന്‍ ട്രാഫിക്കില്‍ സംഭവിക്കുന്ന പിഴവുകളാണെന്ന് വകുപ്പ് പറയുന്നു. ഇതിന് പുറമെ പാര്‍ക്കിങ്ങിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഡ്രൈവര്‍മാര്‍ക്കുള്ള ഇത്തരം കാര്യങ്ങളിലുള്ള പരിചയക്കുറവാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് നിഗമനം.
പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളും, രാസമിശ്രിതങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ സുരക്ഷാ കോഴ്‌സ് നിര്‍ബന്ധം. ഇത് കണ്ടെയ്‌നര്‍ ഡ്രൈവര്‍മാര്‍ക്ക് കൂടി ബാധകമാക്കുകയാണ്. ഇവരെ കൂടാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കാനും നീക്കമുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് പരിശീലനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം.