National Highway Collapse Incident: കൂരിയാട് ദേശീയ പാത തകർന്ന സംഭവം; കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്ത് കേന്ദ്രം
National Highway Collapse in Malappuram: പദ്ധതിയുടെ പ്രോജക്ട് മാനേജരായ എം അമർനാഥ് റെഡ്ഢിയെയും, ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ് കുമാർ എന്ന ഉദ്യോഗസ്ഥനെയും ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കൂരിയാട് തകർന്നുകിടക്കുന്ന ദേശീയ പാത
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവത്തിൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഡീബാർ ചെയ്തു. ഒപ്പം, ഇതിന്റെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൽട്ടൻറ് എന്ന കമ്പനിക്കും വിലക്കേർപ്പെടുത്തി. പദ്ധതിയുടെ പ്രോജക്ട് മാനേജരായ എം അമർനാഥ് റെഡ്ഢിയെയും, ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ് കുമാർ എന്ന ഉദ്യോഗസ്ഥനെയും ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
പ്രാഥമിക പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരാർ കമ്പനിക്കും കൺസൾട്ടന്റ് കമ്പനിക്കും എതിരെ കേന്ദ്രം നടപടി എടുത്തത്. ദേശീയ പാതയുടെ ടെൻഡറുകളിൽ ഇനി കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ പങ്കെടുക്കാൻ അനുവദിക്കില്ല. മെയ് 19നാണ് ദേശീയപാത 66 അഥവാ മലപ്പുറം കൂരിയാട് ഭാഗത്തുള്ള ദേശീയ പാത ഇടിഞ്ഞുവീണത്.
ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണതോടെ സർവീസ് റോഡും തകർന്നു. തുടർന്ന്, സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം പരിശോധന നടത്തി. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയ പാത തകർന്ന സംഭവത്തിൽ ഡൽഹി ഐഐടിയിലെ പ്രൊഫ. ജി വി റാവുവിനെ ഉൾപ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധ സംഘം വിശദമായ റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇതോടൊപ്പം കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും വിദഗ്ധ സംഘം പരിശോധിക്കും എന്നാണ് പുറത്തുവരുന്ന വിവരം.