AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aryadan Shoukath: കന്നിയങ്കത്തില്‍ പാളിയ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാം അവസരം; ഉറപ്പിക്കേണ്ടത് അന്‍വറിന്റെ പിന്തുണ

By election 2025 Nilambur: പി.വി. അന്‍വറിന്റെ രാജിയോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയടക്കം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള അന്‍വറിനെ കൂടെക്കൂട്ടാന്‍ യുഡിഎഫ് നേതാക്കള്‍ മൗനാനുവാദം നല്‍കിയതും ഈ ഒറ്റ മണ്ഡലം ലക്ഷ്യം വച്ചാണ്

Aryadan Shoukath: കന്നിയങ്കത്തില്‍ പാളിയ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാം അവസരം; ഉറപ്പിക്കേണ്ടത് അന്‍വറിന്റെ പിന്തുണ
ആര്യാടന്‍ ഷൗക്കത്ത്‌ Image Credit source: facebook.com/aryadanshoukath
jayadevan-am
Jayadevan AM | Published: 26 May 2025 20:15 PM

ടത്തോട്ടും, വലത്തോട്ടും മാറിമറിയാന്‍ യാതൊരു മടിയും കാണിക്കാത്തതാണ് നിലമ്പൂര്‍ മണ്ഡലത്തിന്റെ ശീലമെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ വളക്കൂറുള്ള മണ്ഡലമാണ് നിലമ്പൂര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടതിന് വേണ്ടി വിജയക്കൊടി പാറിച്ച ടികെ ഹംസയും പി.വി. അന്‍വറുമൊക്കെ വലതു പശ്ചാത്തലമുള്ളവരായിരുന്നു. സിപിഎം നേതാവായിരുന്ന കെ. കുഞ്ഞാലിയായിരുന്നു നിലമ്പൂരിലെ ആദ്യ എംഎല്‍എ. 1965ലും, 67ലും അദ്ദേഹം എംഎല്‍എയായി. 69ല്‍ വെടിയേറ്റ് മരിച്ചു. കേരള രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയതായിരുന്നു കുഞ്ഞാലിയുടെ കൊലപാതകം. അതിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ആര്യാടന്‍ മുഹമ്മദായിരുന്നു കേസിലെ ആരോപണ വിധേയന്‍. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആര്യാടന്റെ ജീവിതത്തിലെ കറുത്ത ഏടായി ആരോപണങ്ങള്‍ മാറി.

കുഞ്ഞാലിയുടെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വതന്ത്രനായ എം.പി. ഗംഗാധരന്‍ വിജയിച്ചു. സിപി അബൂബക്കറായിരുന്നു എതിരാളി. 1977ല്‍ ആര്യാടന്‍ മുഹമ്മദ് ജയിച്ചു. സെയ്ദാലിക്കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. 1980ല്‍ സി ഹരിദാസ് വിജയിച്ചു. വെറും 10 ദിവസം മാത്രമാണ് ഹരിദാസ് എംഎല്‍എയായത്. പിന്നീട് ആര്യാടന്‍ മുഹമ്മദിന് വേണ്ടി സ്ഥാനം രാജിവച്ചു. 1980ലെ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ആര്യാടന്‍ പരാജയപ്പെടുത്തി.

അതേ വര്‍ഷം തന്നെ ഹരിദാസ് രാജ്യസഭയിലുമെത്തി. 1982ല്‍ ഇടതുസ്ഥാനാര്‍ത്ഥിയായ ടികെ ഹംസ വിജയക്കൊടി പാറിച്ചു. ആര്യാടന്‍ ഇടതു പാളയത്തില്‍ നിന്ന് വലതുപാളയത്തിലേക്കും, ഹംസ വലതുപാളയത്തില്‍ നിന്നു ഇടതുപാളയത്തിലേക്കും എത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്.

ആര്യാടന്റെ കോട്ട

1965ലായിരുന്നു നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ കന്നിയങ്കം. എന്നാല്‍ കുഞ്ഞാലിയോട് തോറ്റു. 1977ലാണ് ആര്യാടന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. 1980ല്‍ അദ്ദേഹം നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയുമായി. ആ സമയം അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. 1987 മുതല്‍ 2011 വരെ നിലമ്പൂര്‍ ആര്യാടന്റെ കോട്ടയായി തുടര്‍ന്നു.

പി.വി. അന്‍വറിന്റെ വരവ്‌

2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനായി ആര്യാടന്‍ മുഹമ്മദ് മത്സരരംഗത്തുനിന്ന് പിന്‍വാങ്ങി. എന്നാല്‍ ഇടതുപിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വറിനോട് ഷൗക്കത്ത് തോറ്റു. 2021ല്‍ വി.വി. പ്രകാശിനെ തോല്‍പിച്ച് അന്‍വര്‍ വിജയം ആവര്‍ത്തിച്ചു.

അന്‍വറിന്റെ പിന്തുണ

പി.വി. അന്‍വറിന്റെ രാജിയോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയടക്കം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള അന്‍വറിനെ കൂടെക്കൂട്ടാന്‍ യുഡിഎഫ് നേതാക്കള്‍ മൗനാനുവാദം നല്‍കിയതും ഈ ഒറ്റ മണ്ഡലം ലക്ഷ്യം വച്ചാണ്. എന്നാല്‍ വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ നിലപാട്.

തനിക്ക് ഒട്ടും സ്വീകാര്യനല്ലാത്ത ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ അന്‍വര്‍ കര്‍ശന നിലപാടെടുത്തു. എന്നാല്‍ അന്‍വറിന്റെ വിലപേശലിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ യുഡിഎഫും ഉറച്ചുനിന്നു. ഒടുവില്‍ സര്‍പ്രൈസുകളില്ലാതെ ഷൗക്കത്തിനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

Read Also: Nilambur By Eelection: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി

കടമ്പ

പിതാവ് കെട്ടിപ്പൊക്കിയ കോട്ടയാണെങ്കിലും കന്നിയങ്കത്തില്‍ നിലമ്പൂര്‍ ഷൗക്കത്തിനെ കൈവിട്ടു. അന്ന് എതിര്‍പക്ഷത്തായിരുന്ന അന്‍വര്‍ ഇന്ന് യുഡിഎഫ് ക്യാമ്പിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പിക്കുകയാകും ഷൗക്കത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. അന്‍വര്‍ ഏറെ പ്രസക്തമായ നിലമ്പൂരില്‍ അദ്ദേഹത്തെ അനുനയിപ്പിക്കുകയാകും യുഡിഎഫിന്റെ അടുത്ത ലക്ഷ്യം.

ഒപ്പം വിഎസ് ജോയി അതൃപ്തനാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അടുത്ത തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസം വീണ്ടെടുക്കാനും കരുത്ത് തെളിയിക്കാനുമുള്ള അവസരമാണ് നിലമ്പൂരിലെ പോരാട്ടം. അതുകൊണ്ട് തന്നെ ഒരു മണ്ഡലം മാത്രമെങ്കിലും ഒട്ടനവധിയാണ് നിലമ്പൂരിലെ പ്രസക്തി. ഇടതുസ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. എം സ്വരാജ് അടക്കമുള്ളവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. നിലമ്പൂരിലെ പോരാട്ടം ബിജെപി അത്ര പ്രസക്തിയോടെ കാണുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.