Nipah Virus: നിപ ഭീതിയൊഴിഞ്ഞു; രണ്ട് പേരുടെയും ഫലം നെഗറ്റീവ്
രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മട്ടന്നൂർ മാലൂർ മേഖലയിലുള്ള അച്ഛനും മകനുമാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയത്.

Nipah Virus Case.
കണ്ണൂര്‍: നിപ ബാധയെന്ന് സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിയുന്ന രണ്ട പേരുടെയും പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസമായിരുന്നു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മട്ടന്നൂർ മാലൂർ മേഖലയിലുള്ള അച്ഛനും മകനുമാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയത്.
തുടർന്ന് ഇരുവരുടെയും സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് സ്രവ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന് ഇന്ന് ലഭിച്ച പരിശോധനഫലത്തിൽ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. പഴക്കടയിലെ തൊഴിലാളികളാണ് ഇരുവരും.
കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിപ രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇരുവരെയും പരിയാരത്തേക്ക് മാറ്റിയത്. കഴിഞ്ഞ മാസം മലപ്പുറം പാണ്ടിക്കാട് 14-കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്.
Also read-Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം; കണ്ണൂരിൽ രണ്ട് പേർ ചികിത്സയിൽ
2018-ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. 2018-ൽ 17 പേരുടെ ജീവനാണ് വൈറസ് കവർന്നതെങ്കിൽ 2021-ൽ ഒരാളും 2023-ൽ രണ്ട് പേരും കഴിഞ്ഞ മാസം 14-കാരനുമാണ് മരിച്ചത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ശരീരത്തിലേക്കെത്തുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യ സഹായം തേടുക.