Palakkad Motorcycle Theft: മോഷ്ടിച്ച ബൈക്കുമായി കള്ളന്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നിലേക്ക്; ഒടുവില്‍ സംഭവിച്ചത്
Bike thief caught by owner in Palakkad: പുതുപ്പരിയാരം പ്രാഥമികാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

ബൈക്ക് മോഷ്ടാവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍
പാലക്കാട്: ബൈക്ക് മോഷ്ടിച്ച കള്ളനെ ഉടമ നടുറോഡില്‍ വച്ച് പിടികൂടി. പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമികാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കൊടുത്ത് തിരിച്ച് എസ്റ്റേറ്റ് ജങ്ഷനില്‍ എത്തിയപ്പോഴാണ് തന്റെ ബൈക്കുമായി ഒരാള്‍ പോകുന്നത് രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പെട്ടത്.
ഉടന്‍ തന്നെ ഓടിച്ചെന്ന രാധാകൃഷ്ണന്‍ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. പിടിവലിയില്‍ ബൈക്ക് മറിഞ്ഞ് കള്ളന്‍ റോഡില്‍ വീണു. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി. പിന്നാലെ പൊലീസെത്തി കള്ളനെ അറസ്റ്റു ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അധികം സ്പീഡ് ഇല്ലാതിരുന്നതിനാല്‍ ബൈക്ക് മറിച്ചിടാനായെന്ന് രാധാകൃഷ്ണന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ആവേശത്തില്‍ കള്ളനിട്ട് രണ്ടടി കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. 16 വര്‍ഷമായി ഉപയോഗിക്കുന്ന ബൈക്കാണ്. അതിന്റെ ശബ്ദം കേട്ടാല്‍ തനിക്ക് മനസിലാകും. മകള്‍ക്ക് ഓടിക്കാന്‍ വേണ്ടി വച്ചിരുന്ന എല്‍ ബോര്‍ഡും വണ്ടിയിലുണ്ടായിരുന്നു. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കള്ളന്‍ അതിന് തയ്യാറായില്ലെന്നും, തുടര്‍ന്ന് പിന്നാലെ ചെന്ന് ബൈക്കില്‍ പിടിക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Also Read: Theft: സ്കൂളിൽ മോഷ്ടിക്കാൻ കയറി വരാന്തയിൽ കിടന്നുറങ്ങി; പിറ്റേന്ന് രാവിലെ മോഷ്ടാവ് പിടിയിൽ
അവിടെ ഒരു വളവുണ്ടായിരുന്നതെന്നും, അതുകൊണ്ട് ബൈക്ക് സ്പീഡ് കുറച്ചതുകൊണ്ട് മാത്രമാണ് പിടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ ബൈക്കുമായി വൈകാരിക അടുപ്പമുണ്ട്. കുറേ പേര് ചോദിച്ചിട്ടും കൊടുക്കാന്‍ തോന്നിയിട്ടില്ല. ആ കള്ളന്‍ പ്രൊഫഷണലാണ്. ലോക്ക് പൊട്ടിച്ചിട്ട്, വയര്‍ ഊരിയിട്ടാണ് അവന്‍ ആ ബൈക്കുമായി കടന്നുകളഞ്ഞത്. ബൈക്ക് എങ്ങനെയാണ് മോഷ്ടിച്ചതെന്ന് ചോദിച്ചപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു. അയാള്‍ മദ്യലഹരിയിലായിരുന്നു. മോഷണം പോയി മണിക്കൂറുകള്‍ക്ക് പിന്നാലെ ബൈക്ക് കിട്ടി. പെട്ടെന്ന് ബൈക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.