സാരി ഇല്ല കേട്ടോ! പ്രിയദർശിനി നൂറാംദിനം: ഡിപ്പോകളിൽ സാരി വിതരണമെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ആർടിസി
Priyadarshini Scheme 100th Day: പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനത്തിൽ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സെപ്റ്റംബർ 22ന് സ്ത്രീകൾക്ക് സാരി വിതരണം ചെയ്യുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി അറിയിച്ചു. പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി 22ന് രാവിലെ 10ന് ഗതാഗത മന്ത്രി സിപി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും.
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനത്തിൽ കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ആർടിസി. പുതിയ യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് അവതരിപ്പിച്ച പ്രിയദർശിനി പദ്ധതി സെപ്റ്റംബർ 22 ചൊവ്വാഴ്ച നൂറ് ദിവസം പൂർത്തിയാക്കുകയാണ്. ഇതിനോടനുബന്ധിച്ച് എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം ചെയ്യുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായി. ഇതോടെയാണ് സാരി വിതരണം നിഷേധിച്ചുകൊണ്ട് കെഎസ്ആർടിസി രംഗത്തെത്തിയത്. ഇത്തരമൊരു സാരി വിതരണമെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു.
അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഒരുക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ പ്രിയദർശിനി പദ്ധതി അവതരിപ്പിക്കപ്പെട്ടത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത് എന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.
പ്രിയദർശിനി പദ്ധതി കൂടുതൽ സ്ത്രീകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിന് കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു. സാധാരണക്കാരായ സ്ത്രീകൾക്ക് ദിവസവും നല്ലൊരു തുക യാത്രാക്കൂലിയിനത്തിൽ ലാഭിക്കാൻ ഈ പദ്ധതി സഹായകമായി. കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനും കെഎസ്ആർടിസിയുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി 22ന് രാവിലെ 10ന് ഗതാഗത മന്ത്രി സിപി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. വൈകുന്നേരം 7:30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും.
കൂടാതെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും ചടങ്ങിൽ മന്ത്രി ആദരവ് നൽകുമെന്ന് കെഎസ്ആർടിസി ചെയർമാൻ അറിയിച്ചു.
English Summary
KSRTC has clarified that reports claiming sarees would be distributed at KSRTC depots as part of the 100th-day celebrations of the ‘Priyadarshini’ free travel scheme are baseless. The corporation issued this clarification following social media campaigns alleging that sarees would be distributed to women at all KSRTC depots on September 22 to mark the scheme’s 100th day.