Protest against Zudio: എന്തിനാണ് സുഡിയോക്കെതിരെ പ്രതിഷേധം..? സോഷ്യൽ ക്യാംപെയിന് പിന്നിൽ?
Boycott campaign against Zudio: ബഹിഷ്‌കരണ ആഹ്വാനം ഒരു വശത്ത് നടക്കുമ്പോള്‍, സുഡിയോയെയും ടാറ്റയെയും പിന്തുണച്ചും ക്യാമ്പയിനുകള്‍ ശക്തമാകുന്നുണ്ട്. എസ്‌ഐഒയുടെ പ്രതിഷേധത്തെ പരിഹസിച്ചും, വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ ധാരാളമുയരുന്നുമുണ്ട്

അധികം പരസ്യങ്ങളില്ലാതെ, അതിവേഗം ഉപഭോക്താക്കളുടെ ഹൃദയത്തിലിടം നേടിയ ഫാഷന്‍ ബ്രാന്‍ഡാണ് സുഡിയോ. ന്യുജനറേഷന്റെ പ്രിയപ്പെട്ട ബ്രാന്‍ഡ്. വിലക്കുറവാണ് സുഡിയോയുടെ പ്രധാന മുഖമുദ്ര. വളരെ പതുക്കെ തുടങ്ങിയ സുഡിയോയ്ക്ക് അതിശയിപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുന്നതിന് സഹായകരമായ ബിസിനസ് സ്ട്രാറ്റജിയും ഈ വിലക്കുറവ് തന്നെയായിരുന്നു. ഈ ബിസിനസ് തന്ത്രം സാധാരണക്കാരെ സുഡിയോയിലേക്ക് ക്രമേണ അടുപ്പിച്ചു. അങ്ങനെ സുഡിയോയെക്കുറിച്ച് കേട്ടവരെല്ലാം മറ്റുള്ളവരോടും പറഞ്ഞുതുടങ്ങി. വായ്‌മൊഴിയായുള്ള ഈ പ്രചരണമായിരുന്നു സുഡിയോയുടെ പ്രധാന പരസ്യം. ഇന്ന് രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ സംരംഭം. എന്നാല്‍ ഇന്ന് കേരളത്തിലടക്കം അപ്രതീക്ഷിതമായ ചില പ്രതിഷേധങ്ങള്‍ നേരിടുകയാണ് സുഡിയോ.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനേസേഷനാണ് (എസ്‌ഐഒ) സുഡിയോയ്‌ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനത്തിന് പിന്നില്‍. പലസ്തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന ബ്രാന്‍ഡാണ് സുഡിയോയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇസ്രയേലുമായി ടാറ്റ ഗ്രൂപ്പ് സഹകരണം വര്‍ധിപ്പിക്കുന്നുവെന്ന് ആരോപിച്ച് തുടങ്ങിയ ബഹിഷ്‌കരണ ക്യാമ്പയിനാണ് സുഡിയോയില്‍ എത്തിനില്‍ക്കുന്നത്. ചുരുക്കിപറഞ്ഞാല്‍, ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡാണെന്നുള്ള ഒറ്റക്കാരണമാണ് സുഡിയോയ്ക്ക് എതിരായ പ്രതിഷേധത്തിന് പിന്നില്‍.




കോഴിക്കോട് തുടങ്ങി
ജൂണ്‍ ആറിന് കോഴിക്കോട്ടെ സുഡിയോ ഔട്ട്‌ലെറ്റിന് മുന്നിലാണ് കേരളത്തില്‍ എസ്‌ഐഒ ആദ്യമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഈ ബ്രാന്‍ഡ് ബഹിഷ്‌കരിക്കണമെന്നായിരുന്നു എസ്‌ഐഒയുടെ ആഹ്വാനം. ‘പുത്തനുടുപ്പില്‍ ചോരക്കറയോ’ എന്ന ചോദ്യമുയര്‍ത്തിയാണ് എസ്‌ഐഒ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡൽഹി, മുംബൈ, പട്‌ന, വിശാഖപട്ടണം, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നു.
ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആൻഡ് സാങ്ഷൻസ് (ബിഡിഎസ്) കാമ്പയിനിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക, നിക്ഷേപങ്ങൾ പിൻവലിക്കുക, സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ബിഡിഎസ് കാമ്പയിനിന്റെ ലക്ഷ്യം. മറ്റൊരു ടാറ്റ വസ്ത്ര ബ്രാൻഡായ വെസ്റ്റ്‌സൈഡും സാറ പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകളും ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിഷേധക്കാർ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു.
Read Also: Zudio: പരസ്യമില്ല, വിലക്കുറവുണ്ട്; വിപണി കീഴടക്കി ഇന്ത്യക്കാരന്റെ ‘ദോസ്ത്’ ആയ സുഡിയോ
സുഡിയോക്ക് പിന്തുണ
ബഹിഷ്‌കരണ ആഹ്വാനം ഒരു വശത്ത് നടക്കുമ്പോള്‍, സുഡിയോയെയും ടാറ്റയെയും പിന്തുണച്ചും ക്യാമ്പയിനുകള്‍ ശക്തമാകുന്നുണ്ട്. എസ്‌ഐഒയുടെ പ്രതിഷേധത്തെ പരിഹസിച്ചും, വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ ധാരാളമുയരുന്നുമുണ്ട്. എന്നാല്‍ ബഹിഷ്‌കരണം തുടരുമെന്ന നിലപാടിലാണ് എസ്‌ഐഒ. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ടാറ്റ കമ്പനികൾക്കെതിരെ മതതീവ്രവാദികൾ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനം രാജ്യത്തിനെതിരായ ഒരു കലാപമല്ലാതെ മറ്റൊന്നുമല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ‘എക്‌സി’ല്‍ കുറിച്ചത്.
The boycott call against @TataCompanies, the backbone of India’s economy, by religious extremists is nothing but a rebellion against the nation. Today they target Zudio for supporting Israel, tomorrow they’ll call to boycott India itself. This anti-national madness must be… pic.twitter.com/wuBelpEcpj
— K Surendran (@surendranbjp) June 7, 2025
”ഇസ്രായേലിനെ പിന്തുണച്ചതിന് ഇന്ന് അവർ സുഡിയോയെ ലക്ഷ്യം വയ്ക്കുന്നു. നാളെ അവർ ഇന്ത്യയെ തന്നെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യും. ഈ ദേശവിരുദ്ധ ഭ്രാന്തിനെ തകർക്കണം. മതഭ്രാന്തിനോടുള്ള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മൃദുല നിലപാട് രാജ്യത്തെ അപകടത്തിലാക്കുന്നു”-കെ. സുരേന്ദ്രന്‍ കുറിച്ചു.