Zudio: പരസ്യമില്ല, വിലക്കുറവുണ്ട്; വിപണി കീഴടക്കി ഇന്ത്യക്കാരന്റെ ‘ദോസ്ത്’ ആയ സുഡിയോ
Zudio's Success Journey: ആരംഭക്കാലത്ത് മറ്റ് സംരംഭങ്ങളെ പോലെ തന്നെ സുഡിയോയുടെ വളര്‍ച്ചയും വളരെ പതുക്കെയായിരുന്നു. ആദ്യ രണ്ട് വര്‍ഷം ഏഴ് സ്റ്റോറുകള്‍ മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
എത്ര വലിയ ബ്രാന്‍ഡാണെങ്കിലും പരസ്യമില്ലാതെ വിപണിയില്‍ പിടിച്ചുനില്‍ക്കല്‍ അസാധ്യമെന്ന് കരുതിയിരുന്ന കാലത്ത് കടന്നുവന്ന താരമാണ് സുഡിയോ. ടാറ്റയുടെ സ്വന്തം തട്ടകത്തില്‍ നിന്നാണ് സുഡിയോയുടെ പിറവി. എന്നാല്‍ ഫാഷന്‍ ലോകത്തിന്റെ ഹൃദയമിടിപ്പറിയുന്ന ടാറ്റയുടെ വലിയ തന്ത്രം തന്നെയായിരുന്നു സുഡിയോ.
1998ല്‍ വെസ്റ്റ്‌സൈഡ് സ്‌റ്റോര്‍ എന്ന പേരില്‍ ആണ് ആദ്യമായി ടാറ്റ ഫാഷന്‍ ലോകത്തേക്ക് എത്തുന്നത്. ബെംഗളൂരുവിലായിരുന്നു ആദ്യ കട. ഇന്ത്യന്‍ അര്‍ബന്‍ മിഡില്‍ ക്ലാസിനെ ലക്ഷ്യമിട്ടായിരുന്നു വെസ്റ്റ്‌സൈഡിന്റെ വരവ്. ഇവിടെ വില്‍ക്കുന്ന വസ്ത്രങ്ങളുടെ ശരാശരി വില 1,500 രൂപയായിരുന്നു. എന്നാല്‍ ഇതത്ര ചെറിയ തുകയല്ല എന്നതുകൊണ്ട് തന്നെ ചെറിയ നഗരങ്ങളില്‍ ടാറ്റയ്ക്ക് വിജയം നേടാനായില്ല.
ഇവിടെ നിന്നാണ് സുഡിയോ എന്ന ആശയം ടാറ്റയ്ക്ക് ഉദിക്കുന്നത്. ഇന്ത്യയിലെ 95 ശതമാനം ആളുകളും വിലക്കുറവ് നോക്കിയാണ് വസ്ത്രങ്ങള്‍ വാങ്ങിക്കുന്നത്. അങ്ങനെ 2016ല്‍ ബെംഗളൂരുവില്‍ തന്നെ പുതിയ തന്ത്രവുമായി സുഡിയോ ആരംഭിച്ചു. ടിയര്‍ 3, ടിയര്‍ 4 നഗരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സുഡിയോ എത്തിയത്.




ആരംഭക്കാലത്ത് മറ്റ് സംരംഭങ്ങളെ പോലെ തന്നെ സുഡിയോയുടെ വളര്‍ച്ചയും വളരെ പതുക്കെയായിരുന്നു. ആദ്യ രണ്ട് വര്‍ഷം ഏഴ് സ്റ്റോറുകള്‍ മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. വിലക്കുറവ് ആളുകളെ ആകര്‍ഷിക്കുന്നുവെന്ന് മനസിലാക്കിയതോടെ മറ്റ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് സുഡിയോ വളര്‍ന്നു.
ടാറ്റയുടെ ഫാഷന്‍ മേഖലയിലെ ആദ്യ സംരംഭമായ വെസ്റ്റ്‌സൈഡിന് ഇതുവരെ 232 സ്റ്റോറുകള്‍ മാത്രമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം സുഡിയോ 550 ഓളം സ്ഥലത്ത് ആരംഭിച്ച് കഴിഞ്ഞു. ഓരോ സാമ്പത്തിക വര്‍ഷത്തിലും 50 ഓളം പുതിയ നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ സുഡിയോക്ക് സാധിക്കുന്നുണ്ട്.
ഓരോ മണിക്കൂറിലും 20 ജോഡി ഡെനിമുകള്‍, 19 സുഗന്ധദ്രവ്യങ്ങള്‍, 17 ലിപ്‌സ്റ്റിക്കുകള്‍, 90 ടി ഷര്‍ട്ടുകള്‍ എന്നിങ്ങനെയാണ് വില്‍പന നടക്കുന്നതെന്നാണ് സുഡിയോ തന്നെ വ്യക്തമാക്കുന്നത്. ഫാഷന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നതിനോടൊപ്പം കയ്യില്‍ അധികം പണമില്ലാത്ത വിഭാഗമാണ് സുഡിയോയുടെ ഉപയോക്താക്കള്‍.
വലിയ തോതില്‍ പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ കമ്പനിക്ക് ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഓരോ 15 ദിവസം കൂടുമ്പോഴും സുഡിയോയില്‍ പുതിയ സ്റ്റേക്ക് എത്തുന്നുണ്ട്. ഇതെല്ലാം തന്നെയാണ് വില്‍പന വിലക്കുറവിലാണെങ്കിലും സുഡിയോക്ക് കരുത്തേകുന്നത്.
Also Read: ITR Forms: ആദായ നികുതി റിട്ടേൺ ഫോമുകൾ ഏതൊക്കെ? വരുമാനത്തിനനുസരിച്ച് ഐടിആർ ഫോം എങ്ങനെ തിരഞ്ഞെടുക്കാം?
വില കുറഞ്ഞ സ്ഥലങ്ങളിലാണ് സുഡിയോ ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ കൊമേഴ്‌സ് സാന്നിധ്യമില്ല, പരസ്യമില്ല എങ്കില്‍ പോലും സുഡിയോ വിജയിച്ചതിന് പിന്നില്‍ മൗത്ത് പബ്ലിസിറ്റിയാണ്. ആളുകള്‍ പറഞ്ഞറിഞ്ഞാണ് പലരും അങ്ങോട്ടേക്ക് എത്തുന്നത്.