Rahul Mamkootathil: സസ്‌പെന്‍ഷന് സാധ്യത; രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്
Rahul Mamkootathil Controversy Updates: പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലില്‍ രാജി വേണ്ടെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തുകയായിരുന്നു. രാഹുലിന് സസ്‌പെന്‍ഷന്‍ നല്‍കി വിവാദങ്ങളെ കുറിച്ച് അന്വേഷിക്കും. ഇതിന് പ്രത്യേക കമ്മിറ്റിയെയും നിയോഗിക്കുമെന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം സസ്‌പെന്‍ഷനാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്നാണ് വിവരം. രാഹുല്‍ രാജിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് നേരിടുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലില്‍ രാജി വേണ്ടെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തുകയായിരുന്നു. രാഹുലിന് സസ്‌പെന്‍ഷന്‍ നല്‍കി വിവാദങ്ങളെ കുറിച്ച് അന്വേഷിക്കും. ഇതിന് പ്രത്യേക കമ്മിറ്റിയെയും നിയോഗിക്കുമെന്നാണ് വിവരം.
പാലക്കാട് നിന്ന് രാഹുല്‍ രാജിവെക്കുകയാണെങ്കില്‍ രണ്ട് ഉപതെരഞ്ഞടുപ്പുകള്‍ അടിയ്ക്കടി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുവെന്ന പഴിയും പാര്‍ട്ടി കേള്‍ക്കേണ്ടി വരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ നേരത്തെ രാജിവെപ്പിച്ചിരുന്നു. അതോടൊപ്പം സസ്‌പെന്‍ഷന്‍ കൂടിയാകുമ്പോള്‍ എതിരാളികളുടെ വായടപ്പിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാണ് പാര്‍ട്ടി നേതാക്കാള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. പരസ്യമായി പലരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിച്ച് രാഹുല്‍ തിരികെ വരണമെന്നും നേതാക്കള്‍ പറയുന്നു. പലരും രാജിയെ രക്ഷയുള്ളൂവെന്ന കാര്യവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കൂടൂതല്‍ ആളുകള്‍ വെളിപ്പെടുത്തലുമായി രംഗത്തുവന്നാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എഐസിസി വക്താവ് ദീപ ദാസ് മുന്‍ഷിയെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും അറിയിച്ചു. രാഹുല്‍ പെട്ടെന്ന് തന്നെ രാജിവെക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ഹൈക്കമാന്റിനെ അറിയിച്ചു.