Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ട്രാൻസ് വുമണിൻ്റെ ആരോപണം; പാലക്കാട് ജില്ലാ അധ്യക്ഷന് എല്ലാം അറിയാമെന്ന് വെളിപ്പെടുത്തൽ
Transwoman Avanthika Against Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ട്രാൻസ് വുമൺ അവന്തിക. ഇന്ന് രാവിലെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെന്നും അവന്തിക ആരോപിച്ചു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ പരാതികൾ. ഇപ്പോൾ ട്രാൻസ് വുമൺ അവന്തികയും രാഹുലിനെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ബലാത്സംഗം ചെയ്യുന്നത് പോലെ തന്നെ അനുഭവിക്കണമെന്ന് രാഹുൽ പറഞ്ഞതായി അവന്തിക ആരോപിച്ചു. ന്യൂസ് 18 മലയാളത്തോടാണ് അവന്തികയുടെ വെളിപ്പെടുത്തൽ.
മൂന്നാല് മാസത്തിന് മുൻപാണ് സംഭവമുണ്ടായതെന്ന് അവന്തിക പറഞ്ഞു. ആദ്യമൊക്കെ തുടർച്ചയായി ഉണ്ടായിരുന്നു. പിന്നീട് ഇയാൾക്കെതിരെ ആരോപണമുണ്ടാവുന്ന സമയത്ത് കോണ്ടാക്ട് കുറച്ചു. ഇന്ന് രാവിലെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. അയാൾ ഭയക്കുന്നു എന്നാണ് തോന്നുന്നത്. അയാൾക്ക് പലതരം വൈകൃതങ്ങളാണ്. ഡിസപ്പിയറിങ് മെസേജാണ്. അത് സ്ക്രീൻഷോട്ട് എടുക്കാൻ പോലും കഴിയില്ല എന്ന് അവന്തിക പറഞ്ഞു.
നിന്നെ എനിക്ക് റേപ്പ് ചെയ്യണം എന്നാണ് പറഞ്ഞത്. കേരളത്തിന് പുറത്ത് ബാംഗ്ലൂരോ ഹൈദരാബാദോ ഉള്ള ഹോട്ടലിൽ മുറിയെടുക്കാം. ഇവിടെ ആളുകൾ അറിയും എന്നൊക്കെ പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല. ഇയാളോട് ഏത് രീതിയിൽ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. കൊല്ലുമോ എന്ന ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷന് എല്ലാ കാര്യങ്ങളും അറിയാം. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞിരുന്നു എന്നും അവന്തിക കൂട്ടിച്ചേർത്തു.




ഇന്ന് രാവിലെ കുറേ തവണ വിളിച്ചതിൻ്റെ സ്ക്രീൻഷോട്ടുകളുണ്ട്. മുൻപയച്ച ‘ഡിയർ, ഹായ് ഹൂയ്’ മെസേജുകളുടെ സ്ക്രീൻഷോട്ടുകളും ഉണ്ട്. ഇയാളുടെ ലൈംഗികവൈകൃതങ്ങൾ സമൂഹമറിയണം. തൃക്കാക്കര തിരഞ്ഞെടുപ്പിൻ്റെ സമയത്താണ് രാഹുലിനെ ആദ്യം കാണുന്നത്. ആ സമയത്ത് തന്നെ രാഹുൽ മെസേജയച്ചു. ആദ്യം സൗഹൃദമായിരുന്നു. പിന്നീട് ഇയാൾ അത് ഇത്തരത്തിൽ മാറ്റിയെടുക്കുകയായിരുന്നു എന്നും അവന്തിക പറഞ്ഞു.
തനിക്ക് ഈ വിവരം നേരത്തെ ലഭിച്ചതിനാലാണ് താങ്കളെ മുൻപ് വിളിച്ചതെന്ന് റിപ്പോർട്ടർ പറയുന്നു. ഉടനെ ഈ വിവരം രാഹുലിൻ്റെ കൂട്ടാളികൾ അറിഞ്ഞു. തന്നെ വിളിച്ചിട്ട്, ഇത് തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നാണ് പറഞ്ഞത് എന്നും റിപ്പോർട്ടർ പ്രതികരിക്കുന്നു.