Varkala Train Attack: രക്ഷാകരം നീട്ടിയതാര്? ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളുടെ ഫോട്ടോ പുറത്ത്
Varkala Train Attack Updates: തന്നെ രക്ഷപ്പെടാന്‍ സഹായിച്ചത് മറ്റൊരു യാത്രക്കാരനാണെന്ന് സുഹൃത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തി റെയില്‍വേ പോലീസിന് കൈമാറിയതും.
തിരുവനന്തപുരം: വര്‍ക്കലയിലുണ്ടായ ട്രെയിന്‍ ആക്രമണത്തില്‍ പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷപ്പെടുത്തിയ ആളുടെ ഫോട്ടോ പുറത്തുവിട്ട് റെയില്‍വേ പോലീസ്. ശ്രീക്കുട്ടിയെ ചവിട്ടി ട്രെയിനിന് താഴേക്കിട്ട പ്രതി സുഹൃത്തിനെയും തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറ്റൊരു യാത്രക്കാരന്റെ തക്കസമയത്തുള്ള ഇടപെടല്‍ പെണ്‍കുട്ടിയെ വലിയ അപകടത്തില്‍ നിന്നും രക്ഷിച്ചു. ഇയാളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ റെയില്‍വേ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
തന്നെ രക്ഷപ്പെടാന്‍ സഹായിച്ചത് മറ്റൊരു യാത്രക്കാരനാണെന്ന് സുഹൃത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തി റെയില്‍വേ പോലീസിന് കൈമാറിയതും. കേസില്‍ ഈ യാത്രക്കാരന്റെ മൊഴി നിര്‍ണായകമാണ്. ഇതേതുടര്‍ന്നാണ് ഇയാളെ കണ്ടെത്താനുള്ള ശ്രമം റെയില്‍വേ പോലീസ് ആരംഭിച്ചത്.
പെണ്‍കുട്ടിയെ രക്ഷിച്ചയാളുടെ ഫോട്ടോയോടൊപ്പം ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ റെയില്‍വേ പോലീസിന് വിവരമറിയിക്കണമെന്ന നിര്‍ദേശമുണ്ട്. 9846200100 എന്ന നമ്പറില്‍ വിളിച്ചുവേണം വിവരങ്ങള്‍ കൈമാറാന്‍. പെണ്‍കുട്ടികളെ പ്രതി ആക്രമിക്കുന്നത് നേരിട്ട കണ്ട വ്യക്തികൂടിയാണിത്.




അതേസമയം, ട്രെയിനില്‍ കയറുന്നതിന് മുമ്പ് പ്രതി സുരേഷ് കോട്ടയത്തെ ബാറില്‍ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി ട്രെയിനില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
ട്രെയിനില്‍ നിന്ന് വീണ ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. തലച്ചോര്‍ ഇളകിമറിഞ്ഞുള്ള ആക്‌സോണല്‍ ഇഞ്ചുറിയാണ് പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്.