Rajeev Chandrasekhar: വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുതിച്ചുയരുന്നു, സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
Rajeev Chandrasekhar criticizes the state government: ആര്‍ബിഐ നിശ്ചയിച്ച പരമാവധി പരിധിക്കും മുകളിലാണ് സംസ്ഥാനത്തെ പണപ്പെരുപ്പ നിരക്ക്. ഇന്ത്യയിലെ മൊത്തം പണപ്പെരുപ്പ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തില്‍. പതിവ് ന്യായീകരണങ്ങള്‍ക്കുമപ്പുറം ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണെന്നും, വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ദൈനംദിന ചെലവുകള്‍ കൂട്ടിമുട്ടിക്കാനാകാതെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്. പരിഹാരം കാണണമെങ്കില്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു മാറണമെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനം. കേരളം വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള ഏറ്റവും കൂടുതല്‍ പണപ്പെരുപ്പ നിരക്ക് കേരളത്തിലാണെന്നും, ജൂണില്‍ ഇത് 6.7 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായ നടപടികളിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തി. എന്നാല്‍ കേരളത്തില്‍ അനിയന്ത്രിതമായി വില ഉയരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍ബിഐ നിശ്ചയിച്ച പരമാവധി പരിധിക്കും (ആറു ശതമാനം) മുകളിലാണ് സംസ്ഥാനത്തെ പണപ്പെരുപ്പ നിരക്ക്. ഇന്ത്യയിലെ മൊത്തം പണപ്പെരുപ്പ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തില്‍. പതിവ് ന്യായീകരണങ്ങള്‍ക്കുമപ്പുറം ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.