Ration Kerosene: റേഷൻ മണ്ണെണ്ണ വില കൂട്ടി, നൽകേണ്ടത് ഇത്ര രൂപ…
Ration kerosene Price: വില വർധിക്കുമ്പോൾ അധികമായി ലഭിക്കുന്ന തുകയും നികുതിയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പങ്കുവയ്ക്കും. റേഷൻ വ്യാപാരികൾക്കോ മണ്ണെണ്ണ ഡീലർമാർക്കോ അധിക വിഹിതം ലഭിക്കില്ല.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില വർധിച്ചു. ലിറ്ററിന് നാല് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിൽ മണ്ണെണ്ണ വില 61 രൂപയിൽ നിന്ന് 65 രൂപയായി. എണ്ണ കമ്പനികൾ വില കൂട്ടിയതോടെയാണിത്.
പുതുക്കിയ വില വർധന ഭക്ഷ്യവിതരണ വകുപ്പ് ഉടൻ നടപ്പിലാക്കും. വില വർധിക്കുമ്പോൾ അധികമായി ലഭിക്കുന്ന തുകയും നികുതിയും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പങ്കുവയ്ക്കും. റേഷൻ വ്യാപാരികൾക്കോ മണ്ണെണ്ണ ഡീലർമാർക്കോ അധിക വിഹിതം ലഭിക്കില്ല.
അതേസമയം, കേന്ദ്രം അനുവദിച്ച 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയിൽ 20 ശതമാനം മാത്രമാണ് കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ജൂൺ 30ന് മുമ്പ് ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശം.
ഓണക്കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
ഓണക്കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡ് ഉടമകൾക്കും അഞ്ച് കിലോഗ്രാം അരി വീതം അധികമായി നൽകണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യമാണ് തള്ളിയത്.
നിലവിലുള്ള സംവിധാനത്തിൽ മാറ്റംവരുത്തി, കേരളത്തിന്റെ മാത്രം ആവശ്യം പ്രത്യേകം പരിഗണിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കാർഡ് ഉടമകൾക്ക് മുമ്പ് ഉണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ലെന്നാണ് വിവരം.