Sabarimala Gold Scam: സ്വര്‍ണം മാത്രമല്ല പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; ചുരുളഴിയാതെ ശബരിമല കൊള്ള
Sabarimala Panchaloha Idols Theft: ആരാണ് ഡി മണി എന്നതുമായി ബന്ധപ്പെട്ട വിവരം വ്യവസായി അന്വേഷണ സംഘത്തിന് കൈമാറി. 2019, 2020 വര്‍ഷങ്ങളിലാണ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കടത്തിയത്. നാല് വിഗ്രഹങ്ങളായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല
പമ്പ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സ്വര്‍ണത്തിന് പുറമെ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് ഒരു വ്യവസായി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പഞ്ചലോഹ വിഗ്രഹ കടത്തിന് ഇടനിലക്കാരനായത്. വിഗ്രഹങ്ങള്‍ വാങ്ങിയത് ഡി മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നും മൊഴി.
ആരാണ് ഡി മണി എന്നതുമായി ബന്ധപ്പെട്ട വിവരം വ്യവസായി അന്വേഷണ സംഘത്തിന് കൈമാറി. 2019, 2020 വര്‍ഷങ്ങളിലാണ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കടത്തിയത്. നാല് വിഗ്രഹങ്ങളായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഗ്രഹങ്ങളുടെ പണം കൈമാറിയത് 2020 ഒക്ടോബര്‍ 26നാണ്. ഈ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനാണ്. ഡി മണി, ഉണ്ണികൃഷ്ണന്‍ പോറ്റി, ശബരിമലയിലെ ഉന്നതന്‍ എന്നിവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിയാണ് വിഗ്രഹത്തിന്റെ കച്ചവടം ഉറപ്പിച്ചത്.
കച്ചവടം ഉറപ്പിച്ച് പണം കൈമാറിയതിന് ശേഷം നാല് ഘട്ടങ്ങളിലായാണ് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതെന്ന് മൊഴിയില്‍ പറയുന്നു. അതേസമയം, അവര്‍ മൂവരും ഹോട്ടലില്‍ വന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയ രേഖകളിലുണ്ട്.
അതേസമയം, രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്നാണ് വിവരം. അന്താരാഷ്ട്ര വിഗ്രഹ കടത്തുസംഘവുമായി ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ബന്ധമുണ്ടെന്ന് തനിക്ക് ബന്ധമുള്ള ഒരു വ്യവസായി പറഞ്ഞതായി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം വ്യവസായിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തുകയായിരുന്നു.