Sabarimala: സ്പോട്ട് ബുക്കിംഗ് ശരാശരി 8500, ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം; ശബരിമലയിൽ പ്രത്യേക നിർദേശം
Sabarimala virtual booking: ബുക്ക് ചെയ്ത ദിവസമല്ലാതെ ടോക്കണുമായി മറ്റൊരു ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിന് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, സ്പെഷ്യൽ കമ്മീഷണർ എസ്.ഒയുമായി ആലോചിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്.

ശബരിമല
പത്തനംതിട്ട: ശബരിമല വെർച്വൽ വെർച്വൽ ബുക്കിംഗ് നടത്തുന്നവർക്ക് പ്രത്യേക നിർദേശവുമായി പൊലീസ്. തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസർ (എസ്.ഒ) ആർ ശ്രീകുമാർ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ടോക്കണുമായി മറ്റൊരു ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിന് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം.
അതേസമയം, ചൊവ്വാഴ്ച്ച (ഡിസംബർ 2) വൈകീട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിങാണ് നൽകിയത്. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, സ്പെഷ്യൽ കമ്മീഷണർ എസ്.ഒയുമായി ആലോചിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്.
നിലവിൽ സന്നിധാനത്ത് മാത്രമായി 1590 പോലീസുകാരാണ് ഉള്ളത്. ഇത് മുൻ വർഷങ്ങളെക്കാൾ കൂടുതലാണ്. സ്വാമിമാർക്ക് സുഖദർശന സൗകര്യം ഒരുക്കാനാണ് കൂടുതൽ പെലീസിനെ വിന്യസിച്ചതെന്ന് എസ്.ഒ പറഞ്ഞു.
അതേസമയം സുരക്ഷ ക്രമീകരണങ്ങളുമായി വനംവകുപ്പുമുണ്ട്. 46,000ത്തോളം പേരാണ് കാനനപാതകൾ വഴി ഇതുവരെ ദർശനത്തിനെത്തിയത്. വന്യമൃഗ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ രാവിലെ വനംവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുന്നത്.
എരുമേലിയിൽനിന്ന് രാവിലെ ആറ് മുതൽ വെെകിട്ട് അഞ്ച് വരെയും അഴുതക്കടവിൽനിന്ന് രാവിലെ ഏഴ് മുതൽ പകൽ രണ്ടര വരെയും മുക്കുഴിയിൽനിന്ന് രാവിലെ ഏഴ് മുതൽ പകൽ മൂന്ന് വരെയുമാണ് തീർഥാടകർക്ക് പ്രവേശനത്തിനുള്ള സമയം. സത്രം വഴി രാവിലെ ഏഴ് മുതൽ പകൽ രണ്ട് വരെ മാത്രമേ തീർത്ഥാടകരെ കടത്തിവിടൂ.