Students Bus Concession: ‘ഒഴിവ് ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് ബസ് യാത്രയ്ക്ക് കൺസഷൻ അനുവദിക്കണം’; മലപ്പുറം കളക്ടർ
Kerala Student Bus Concession: രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് ബസ് കൺസെഷൻ അനുവദിക്കുക. 27 വയസ്സിനു താഴെയുള്ള റെഗുലർ വിദ്യാർഥികൾക്ക് ആണ് കൺസെഷന് അർഹതയുള്ളത്.

പ്രതീകാത്മക ചിത്രം
മലപ്പുറം: അവധിക്കാലത്തും ഒഴിവുദിവസങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ബസ് യാത്രയ്ക്ക് നിർബന്ധമായും കൺസെഷൻ നൽകണം എന്ന് മലപ്പുറം കളക്ടർ വി ആർ വിനോദ്. കണ്ടക്‌ടർ ആവശ്യപ്പെടുകയാണെങ്കിൽ കൺസെഷൻ കാർഡും ഐഡി കാർഡും കാണിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്നും കളക്‌ടർ അറിയിച്ചു. സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് ബസ് കൺസെഷൻ അനുവദിക്കുക. 27 വയസ്സിനു താഴെയുള്ള റെഗുലർ വിദ്യാർഥികൾക്ക് ആണ് കൺസെഷന് അർഹതയുള്ളത്. കൺസെഷൻ കാർഡിന് അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം കൂടി സമർപ്പിക്കേണ്ടതാണ്. വിദ്യാർഥികളിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്ന് സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിൽ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ ബസിനടുത്ത് വെയിലത്തും മഴയത്തും നിർത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി
അതേസമയം, കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൂടുതൽ പാസ് നൽകുന്നതിനുള്ള നടപടി വേണമെന്ന് യോഗത്തിൽ പങ്കെടുത്ത വിദ്യാർഥികളും ബസ് ഉടമകളും ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ സ്‌കൂൾ സ്റ്റോപ്പുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി പത്ത് മിനിറ്റിന്റെ ഇടവേളകളിൽ ക്ലാസുകൾ വിടുന്ന കാര്യം പരിഗണിക്കാം എന്നും കളക്ടർ അറിയിച്ചു. സ്‌കൂൾ അധികൃതർക്ക് പിടിഎ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. പോലീസ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമകളുടെ സംഘടനാപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.