Thalassery-Mahe Bypass Toll Rate: ‘തലശ്ശേരി-മാഹി ബൈപ്പാസിലൂടെ പോകുമ്പോൾ ഇനി വിയർക്കും…’; ടോൾ നിരക്ക് ഉയർത്തി ദേശീയപാത അതോറിറ്റി
Thalassery-Mahe Bypass Toll Rate: ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ നിരക്ക് ദേശീയപാത അതോറിറ്റി വർദ്ധിപ്പിച്ചു. കാർ, ജീപ്പ്, വാൻ, എൽഎംവി വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള മാത്രം തുക 65-ൽ നിന്ന് 75 രൂപയായാണ് ഉയർത്തിയത്. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ൽ നിന്ന് 110 രൂപയുമാക്കി.
ഇതേ വാഹനങ്ങൾക്ക് പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കുകയും ചെയ്തു. ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കിൽ മാറ്റമില്ലാതെ തുടരും. നിലവിൽ 35 രൂപയാണ് നിരക്ക്.
ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽ നിന്ന് 340 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ലൈറ്റ് കൊമേഷ്യൽ വെഹിക്കിൾ (എൽസിവി), ലൈറ്റ് ഗുഡ്‌സ് വെഹിക്കിൾ (എൽജിവി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് മാത്രം120 രൂപയാണ് പുതുക്കിയ ടോൾ നിരക്ക്.
ALSO READ: മത്തി വില കേട്ട് ഞെട്ടി ജനം; മീൻ കൂട്ടി ചോറുണ്ണുമ്പോൾ കൈപൊള്ളും
ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160-ൽ നിന്ന് 175 രൂപയായും ടോൾ കൂട്ടി. പ്രതിമാസ യാത്രകൾക്ക് 3545 രൂപയായിരുന്നത് 3940 രൂപയായും ഉയർത്തിയിട്ടുണ്ട്. ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ടോൾ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയിൽ നിന്ന് 250 രൂപയായും രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയിൽ നിന്ന് 370 രൂപയായുമാണ് ഉയർത്തിയിട്ടുള്ളത്.
മൾട്ടി ആക്‌സിൽ വ്യവസായിക വാഹനങ്ങളുടെ ടോൾ 245 രൂപയിൽ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയിൽ നിന്ന് 405 രൂപയുമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ വടകരയ്ക്ക് സമീപം അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിൽ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ മാർച്ച് 11ന് ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളിൽ ഈ 18.6 കിലോമീറ്റർ ദൂരം ഓടിയെത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.
ALSO READ: അക്കരെ നിന്നൊരു മാരൻ; നാല് വർഷം നീണ്ട ഡേറ്റിംഗ്, നെയ്യാറ്റിൻകരക്കാരി യുവതിക്ക് വരൻ യുകെക്കാരൻ
സർവീസ് റോഡുകൾ ഉൾപ്പെടെ 45 മീറ്ററാണ് ആകെ ബൈപ്പാസിൻ്റെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂൽ, മാടപ്പീടിക, പള്ളൂർ, കവിയൂർ, മാഹിപ്പുഴ, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്.
സർവീസ് റോഡുകളിൽ നിന്ന് മെർജിങ് പോയിന്റുകൾ മാത്രമാണ് ബൈപ്പാസിലുണ്ടാവുക. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.
രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി 2021-ൽ റോഡ് തുറന്ന് കൊടുക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ്, പ്രളയം എന്നിവ നിർമ്മാണം വൈകാൻ കാരണമായി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിർമ്മാണത്തിനിടെ തകർന്ന് ബീമുകൾ പുഴയിൽ വീണതും നിർമ്മാണം വൈകിയതിന് പ്രധാന കാരണമാണ്.