Bakrid 2025 Holiday: ഇത്തവണ രണ്ട് അവധിയില്ല, വെള്ളിയാഴ്ചത്തെ പെരുന്നാൾ അവധി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ്
Bakrid 2025 Holiday change : സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ ഈ ആവശ്യം.
കോഴിക്കോട്: ബലിപെരുന്നാൾ അവധി നേരത്തെ പ്രഖ്യാപിച്ചത് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ജൂൺ 6, വെള്ളിയാഴ്ചയും അവധിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ ഈ ആവശ്യം. നേരത്തെ, ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6 (നാളെ) അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പെരുന്നാൾ ജൂൺ 7, ശനിയാഴ്ച ആയതിനാൽ വെള്ളിയാഴ്ചത്തെ അവധി സർക്കാർ ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്.
“ഇത് ഏറെ പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല,” പി.എം.എ. സലാം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂൺ 6 വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും, വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നും പി.എം.എ. സലാം സർക്കാരിനോട് ആവശ്യപ്പെട്ടു. മാസപ്പിറവി നിരീക്ഷിച്ച് ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച ആയിരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജൂൺ 6-ലെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാലാണ് ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയായി നിശ്ചയിച്ചത്.