Child’s Death in Kannur: കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസ് വൈകി; ചികിത്സക്കിട്ടാതെ മൂന്ന് വയസ്സുകാരൻ മരിച്ചു
Ambulance Delay Leads to Child's Death in Kannur: അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് - ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍.

പ്രതീകാത്മക ചിത്രം
കണ്ണൂർ: ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസ് കുടുങ്ങിയതോടെ ചികിത്സക്കിട്ടാതെ മൂന്ന് വയസ്സുകാരൻ മരിച്ചു. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍.
കുട്ടിക്ക് സുഖമില്ലാത്തതിനെ തുടർന്ന് കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. എന്നാൽ 10 മിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് എത്തിയത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസ് പാൽച്ചുരത്തിലെ ഗതാഗത കുരുക്ക് കാരണം രണ്ട് മണിക്കൂറെടുത്താണ് ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും കുട്ടി മരിച്ചു.കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ഉണ്ടായ തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണം.
കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. 15 കിലോമീറ്ററിലധികം നീളുന്ന ഗതാഗത കുരുക്കാണ് സ്ഥലത്ത് ഉണ്ടായത്. അവധി ദിവസമായതിനാലാണ് വൻതോതിൽ ഭക്തർ എത്തിയത്. ശാസ്ത്രീയമായ ഗതാഗത നിയന്ത്രണവും മതിയായ പാർക്കിങ് സൗകര്യവും പ്രദേശത്ത് ഒരുക്കിയിരുന്നില്ല. ഇതിനു പുറമെ ഇന്നലെ അതിതീവ്ര മഴയാണ് ഉണ്ടായത്.